കാൻപൂർ: ജയമുറപ്പിച്ച് ബാറ്റ് വീശിയ കിവികളുടെ ചിറക് അവസാന ഓവറുകളിൽ അരിഞ്ഞുവീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ താരങ്ങളായി. പരമ്പര തോൽവിയുടെ കാർമേഘങ്ങൾ മൂടിയ കാൻപൂരിലെ മൈതാനത്ത് അവസാനം ഇന്ത്യൻ കളിക്കാർ തന്നെ വീണു. ഇതോടെ ന്യൂസിലാന്റിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് 2-1 ന്റെ വിജയം.

ഇന്ത്യ മുന്നോട്ട് വച്ച 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് നിശ്ചിത 50 ഓവറിൽ 331 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ആറ് റൺസിന്റെ വിജയം ഇന്ത്യക്ക് സ്വന്തമായി.

47ാമത്തെയും 48ാമത്തെയും ഓവറുകളാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കി കൊടുത്തത്. ജയിക്കാൻ 24 പന്തിൽ കീവീസിന് വേണ്ടിയിരുന്നത് വെറും 33 റൺസ്. നഷ്ടമായത് വെറും നാല് വിക്കറ്റ്. അർദ്ധശതകവും നേടി തകർത്തടിക്കുന്ന ലതാം ഒരു വശത്ത്. മറുഭാഗത്ത് വെറും 24 പന്തിൽ നിന്ന് 37 റൺസ് നേടി നിക്കോളാസ്.

47ാം ഓവറിലെ ആദ്യ നാല് പന്തിൽ മൂന്ന് റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വറിന്റെ അഞ്ചാം പന്ത് നിക്കോളാസിന്റെ വിക്കറ്റ് പിഴുതു. ഇന്ത്യൻ ക്യാംപിന് അത് നൽകിയ ആശ്വാസം ചെറുതല്ല. 48ാം ഓവറിൽ ഭുംറ കൃത്യമായ ലൈനും ലെഗ്തും നോക്കി എറിഞ്ഞ പന്ത് ബൗണ്ടറി കടത്താനുള്ള കീവീസ് ബാറ്റ്സ്മാന്മാരുടെ ഓരോ ശ്രമവും പാഴായി. ആ ഓവറിലെ അഞ്ചാം പന്തിൽ ലതാമിനെ റണ്ണൗട്ടാക്കിയതോടെ ഇന്ത്യൻ ക്യാംപിൽ ആശ്വാസം. ഇതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി.

ആദ്യ ഇന്നിഗ്സിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 337 റൺസ് അടിച്ചെടുത്തത്. എന്നാൽ കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ശക്തമായി ബാറ്റ് വീശിയ കിവീസ് താരങ്ങൾ ഇന്ത്യൻ മണ്ണിൽ കോഹ്ലിപ്പടയ്ക്ക് ആദ്യ പരമ്പര പരാജയം സമ്മാനിക്കുമെന്ന ഭീതി സമ്മാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ