നാഗ്‌പൂർ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ഇന്നിങ്സ് ജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ 405 റൺസ് ലീഡ് പിന്തുടർന്ന ലങ്കൻ ബാറ്റ്സ്മാന്മാർ 166 റണ്ണിന് കൂടാരം കയറി. ഇതോടെ ഇന്ത്യ ഇന്നിങ്സിനും 239 റൺസിനും വിജയം നേടി.

ഇരട്ട സെഞ്ചുറിയോടെ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡിന് അവസരമൊരുക്കാൻ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാം ഇന്നിങ്സിലും ലങ്കൻ ബാറ്റിങ്ങിന്റെ മുനയൊടിച്ചത് ഇശാന്ത് ശർമ്മ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ കൂട്ടുകെട്ടാണ്. അശ്വിൻ നാലും ജഡേജ, ഇശാന്ത്, ഉമേഷ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് അശ്വിൻ 300 വിക്കറ്റുകൾ നേടി.

നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. കരുണരത്ന (18)യെ മുരളി വിജയ്‌യുടെ കൈകളിൽ എത്തിച്ച രവീന്ദ്ര ജഡേജയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ലങ്കയുടെ ബാറ്റ്സ്മാന്മാർ കൂടാരം കയറി. ടീം സ്കോർ 100 കടന്നയുടനെ ലങ്കയുടെ മൂന്ന് വിക്കറ്റുകളാണ് തുടരെ വീണത്. 5 ന് 100 എന്ന നിലയിൽ നിന്ന് 8 ന് 107 എന്ന നിലയിലേക്ക് ലങ്ക പതിച്ചു.

ലങ്കൻ നിരയിൽ ക്യാപ്റ്റൻ ചാണ്ഡിമലി (61) ന് മാത്രമാണ് ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായത്. ഇദ്ദേഹം ഒൻപതാം വിക്കറ്റിൽ സുരംഗ ലാക്മലി (30 )നെ കൂട്ടുപിടിച്ച് പൊരുതി നോക്കിയെങ്കിലും ടീമിനെ കരകയറ്റാനായില്ല.

എങ്കിലും 107 റൺസിന് എട്ട് വിക്കറ്റുകൾ നഷ്ടമായ ശ്രീലങ്കയുടെ ടീം സ്കോർ 150 കടത്താൻ ഇവരുടെ പ്രകടനത്തിലൂടെ സാധിച്ചു. ടീം സ്കോർ 165 ൽ നിൽക്കെ ഉമേഷ് യാദവിന്റെ പന്തിൽ അശ്വിന് ക്യാച്ച് നൽകി ചാണ്ഡിമൽ മടങ്ങിയതോടെ ലങ്കയുടെ പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നു.

ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഓപ്പണർ മുരളി വിജയ്, ചേതേശ്വർ പൂജാര, രോഹിത് ശർമ്മ എന്നിവർ ഇന്ത്യൻ നിരയിൽ സെഞ്ചുറിയും നേടി.

മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം മത്സരത്തിലെ ഇന്നിങ്സ് ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ