നായകന്റെ ഇന്നിങ്സിന് നായകന്റെ ഇന്നിങ്സുകൊണ്ട് തന്നെ മറുപടി പറഞ്ഞ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കായി ഡികോക്ക് അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് നായകന് വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.
വിരാടിന്റേയും ശിഖര്‍ ധവാന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. വിരാട് 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്സുമടക്കം 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തില്‍ 40 റണ്‍സെടുത്താണ് ശിഖര്‍ ധവാന് പുറത്താകുന്നത്. രോഹിത് 12 റണ്‍സും പന്ത് നാല് റണ്‍സുമാണെടുത്തത്. ശ്രേയസ് അയ്യര്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 149 റണ്‍സാണ് നേടിയത്. നായകനായുള്ള അരങ്ങേറ്റത്തില്‍ ആളിക്കത്തിയ ക്വിന്റണ്‍ ഡികോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയാണ് ഡികോക്ക് പുറത്തായത്.
Read More: കുതിച്ച് പാഞ്ഞ ഡികോക്കിനെ പറന്നു പിടിച്ച് കോഹ്ലി, വീഡിയോ
എട്ട് ഫോറടക്കം 37 പന്തില്‍ 52 റണ്‍സാണ് ഡികോക്ക് നേടിയത്. യുവതാരം ടെംപ ബവുമ 43 പന്തില്‍ 49 റണ്‍സുമായി തകര്‍ത്തടിച്ചു. പിന്നാലെ വന്ന മില്ലര്‍ 18 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ദീപക് ചാഹര്‍ നാല് വിക്കറ്റും നവദീപ് സെയ്നിയും രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.