മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 63 റൺസിന്രെ ജയം. ദക്ഷിണാഫ്രിക്കയെ മൂന്നാം ടെസ്റ്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ ടെസ്റ്റ് ജയം നേടിയത്. നേരത്തെ രണ്ട് ടെസ്റ്റുകളും ജയിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. ദക്ഷിണാഫ്രിക്കയെ ജൊഹന്നാസ് ബർഗിൽ പരാജയപ്പെടുത്തി എന്നത് ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടത്തിനിടയിലും  മികച്ച നേട്ടമാണ്.

മൂന്ന് ടെസ്റ്റുളള പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റും  ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ ഏകപക്ഷീയമായി മൂന്ന് ടെസ്റ്റും വിജയിക്കാമെന്ന് ദക്ഷിണാഫ്രിക്കൻ സ്വപ്നത്തെയാണ് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടത്.

മൂന്നാം ടെസ്റ്റിന്രെ രണ്ടാം ഇന്നിങ്സിൽ  ദക്ഷിണാഫ്രിക്കയെ  177 രൺസിന് പുറത്താക്കി.  ഇന്ത്യൻ ബോളർമാരുടെ കനത്ത ആക്രമണത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ കൊഴിഞ്ഞു വീണു.

രണ്ടാം ഇന്നിങ്ങിസിൽ  മുഹമ്മദ് ഷാമിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാന്മാരെ ക്രീസിൽ നിർത്താതെ ഡ്രസിങ് റൂമിലേയ്ക്ക് മടക്കിയച്ചത്. അഞ്ച് വിക്കറ്റുകളാണ് മുഹമ്മദ് ഷാമി സ്വന്തമാക്കിയത്. വെറും 28 റൺസ് വഴങ്ങിയാണ് ഷാമി ദക്ഷിണാഫ്രിക്കൻ കളിക്കാരെ അവരുടെ തട്ടകത്തിൽ കളത്തിന് വെളിയിലാക്കിയത്.  ജസ്പ്രീത് ബൂംമ്രയും ഇഷാന്ത് ശർമ്മയും രണ്ട് വിക്കറ്റ് വീതം നേടി. ഭൂവനേശ്വർ കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിൽ ജസ്പ്രീത് ബൂംമ്ര 54 റൺസിന് അഞ്ച് വിക്കറ്റും ഭുവനേശ്വർ കുമാർ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. മറ്റ് രണ്ട് വിക്കറ്റുകൾ മുഹമ്മദ് ഷാമിയും ഇഷാന്ത് ശർമ്മയും പങ്കിട്ടു.

മോശം പിച്ചിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരുഘട്ടത്തിൽ കളി ഉപേക്ഷിക്കണമെന്ന അഭിപ്രായം പോലും ഉയർന്നിരുന്നു. മികച്ച ഫോമിലെത്തിയ ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയെ  രണ്ടാം ഇന്നിങ്സിൽ 200 റൺസ് പോലും തികയ്ക്കാൻ അനുവദിക്കാതെ മൈതാനത്തിന് പുറത്തേയ്ക്ക് പറഞ്ഞുവിട്ടു.

ആദ്യ ഇന്നിങിസിൽ ദക്ഷിണാഫ്രിക്ക 194 റൺസ് നേടിയിരുന്നു. 187 റൺസിന് പുറത്തായ ഇന്ത്യയേക്കാൾ ഏഴ് റൺസിന്രെ ലീഡുമായിട്ടായിരുന്നു ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്സിന് ബാറ്റ് ചെയ്യാൻ വിട്ടത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 247 റൺസ് നേടി. ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ 177 റൺസിന് പുറത്താക്കി.

ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗറും ഹാഷിം ആംലയും  മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിയ്ക്ക് മൂന്നാം ടെസ്റ്റിൽ ഇന്ത്യയോട് അടിയറവ് പറയേണ്ടി വന്നു. എൽഗർ 86 റൺസ് എടുത്ത് പുറത്താകാതെ നിന്നും ആംല 52 റൺസ് നേടി. വെർണോഡ് ഫിലാൻഡർ മാത്രമാണ് രണ്ടക്കം തികച്ച ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്‌മാൻ. ഇദ്ദേഹം പത്ത് റൺസ് നേടി. എക്സ്ട്രാസായി ദക്ഷിണാഫ്രിക്കയ്ക്ക് 13 റൺസ് ലഭിച്ചു.

കളിയിലെ കേമനായി ഭുവനേശ്വർ കുമാറിനെയും പരമ്പരയിലെ കേമനായി വെമൺ ഫിലമന്ദിറിനെയും തിരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി 63 റൺസും നാല് വിക്കറ്റും സ്വന്തമാക്കിയാണ് ഭൂവനേശ്വർ കളിയിലെ കേമനായത്. ആദ്യ ഇന്നിങ്ങ്‌സിൽ 30 റൺസ് നേടിയ ഭുവനേശ്വർ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ഇന്നിങ്ങ്‌സിൽ 33 റൺസ് നേടിയ ഭുവനേശ്വർ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റും സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ