ഗുവഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗുവഹത്തിയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ അനായാസം വിജയത്തിലേക്കെത്തിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഓപ്പണർ രോഹിത് ശർമ്മയും സെഞ്ചുറി നേടി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 323 റൺസെന്ന മികച്ച വിജയലക്ഷ്യം 8 ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്.

നേരത്തെ 78 പന്തില്‍ നിന്നും 106 റണ്‍സെടുത്ത ഹെറ്റ്മയറിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു ഹെറ്റ്മയർ. ആറ് സിക്‌സും ആറ് ഫോറും ഹെറ്റ്‌മെയറുടെ ഇന്നിങ്‌സിന്റെ ഭാഗമാണ്. 13 മത്സരങ്ങള്‍ മാത്രം കളിച്ച യുവതാരത്തിന്റെ മൂന്നാമത്തെ സെഞ്ചുറി ആണിത്. ഓപ്പണര്‍ കീറണ്‍ പവലിന്റെ അര്‍ദ്ധസെഞ്ചുറിയും വെസ്റ്റ് ഇൻഡീസ് സ്കോറിങിൽ നിർണ്ണായകമായി. 39 പന്തില്‍ നിന്നുമായിരുന്നു പവലിന്റെ അർദ്ധസെഞ്ചുറി.

മധ്യ ഓവറുകളില്‍ ക്യാപ്റ്റന്‍ ജെയ്‌സണ്‍ ഹോള്‍ഡറാണ് ഹെറ്റ്മയറിന് പിന്തുണ നല്‍കിയത്. 42 പന്തില്‍ നിന്നും 38 റണ്‍സാണ് ഹോള്‍ഡറുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ ബിഷുവും കെമര്‍ റോച്ചും കത്തിക്കയറിയതോടെ വിന്‍ഡീസ് സ്‌കോര്‍ 322 ലെത്തുകയായിരുന്നു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം പിഴച്ചു. ടീം സ്കോർ 10 റൺസിലെത്തിയപ്പോഴെക്കും ഓപ്പണർ ശിഖർ ധവാൻ പുറത്ത്. എന്നാലെ പിന്നാലെയെത്തിയ കോഹ്‍ലിയും രോഹിതും ചേർന്ന് വെസ്റ്റ് ഇൻഡീസ് താരങ്ങളെ നിരന്തരം ബൗണ്ടറി പായിച്ചു. 140 റൺസെടുത്ത ക്യാപ്റ്റൻ കോഹ്‍ലി പുറത്തായെങ്കിലും രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 21 ബൗണ്ടറികളും 2 സിക്സറും അടങ്ങുന്നതാണ് കോഹ്‍ലിയുടെ ഇന്നിങ്സ്.

117 പന്തിൽ നിന്നും 152 റൺസെടുത്ത് പുറത്താകതെ നിന്ന് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 117 പന്തിൽ നിന്നും 15 ബൗണ്ടറികളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെയാണ് രോഹിത് 152 റൺസെടുത്തത്. അമ്പാട്ടി റയ്ഡു 22 റൺസ് നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ