കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുളള പെൺപട ടി20 പരമ്പരയിലും വെന്നിക്കൊടി പാറിച്ചത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് പക്ഷെ പിന്നീടുളള രണ്ട് മത്സരങ്ങളിലും കാലിടറിയിരുന്നു. ഇതോടെ അഞ്ചാമത്തെ മത്സരത്തിന് ഫൈനലിന്റെ സ്വഭാവം കൈവന്നു. ഇന്ന് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ആക്രമണത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒരറ്റത്ത് മിതാലി രാജും മറുവശത്ത് സ്മൃതി മന്ദാനയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ 13 റൺസെടുത്ത് നിൽക്കെ മന്ദാനയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പക്ഷെ മിതാലി രാജ് ഇന്ത്യൻ ഇന്നിംഗ്സിന് ശക്തിപകർന്നു.

50 പന്തിൽ നിന്ന് 62 റൺസാണ് മിതാലി നേടിയത്. 8 ഫോറും മൂന്ന് സിക്സുമടക്കമാണ് മിതാലി അർദ്ധസെഞ്ച്വറി തികച്ചത്. മൂന്നമതായി ക്രീസിലെത്തിയ റോഡ്രിഗസ് 44 റൺസ് നേടി. മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് മൂന്നാം വിക്കറ്റിൽ റോഡ്രിഗസ് മികവു കാട്ടിയത്.

അവസാന ഓവറുകളിൽ ഹർമൻപ്രീത് കൗർ നടത്തിയ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 17 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 27 റൺസാണ് ഇന്ത്യയുടെ നായിക നേടിയത്. 167 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ മോശമായിരുന്നു. 20 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ഇന്ത്യ പിഴുതു. മധ്യനിരയിൽ മരിസൻ കാപ് 27 റൺസ് നേടിയതും സിഎൽ ട്രയോൺ 25 റൺസ് നേടിയതുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എടുത്തുപറയാനുണ്ടായിരുന്നത്. അവരുടെ പോരാട്ടം 18 ഓവറിൽ 112 റൺസിൽ അവസാനിച്ചു. ഇതോടെ 55 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ഡെ, റുമേലി ദർ, ഗെയ്‌ക്‌വാദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് പൂനം യാദവ് സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ