ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. തങ്ങളില്ലെങ്കില്‍ ഐസിസി പോലുമില്ലെന്ന് മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന് പറയാന്‍ കഴിഞ്ഞതും ബിസിസിഐയുടെ ശക്തി അത്ര വലുതായത് കൊണ്ടാണ്. അങ്ങനെയുള്ള ബിസിസിഐയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ടീമിന് യാത്ര ബത്തയില്ലാതെ വലയേണ്ടി വന്നുവെന്ന് പറഞ്ഞാലത് വിശ്വസിക്കാനാകുമോ?
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനാണ് ദുര്‍ഗതിയുണ്ടായത്. അഞ്ച് ടി20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയ ടീമിനാണ് ദുരനുഭവമുണ്ടായത്. ബിസിസിഐയില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തും മുമ്പായിരുന്നു സംഭവം. ഇടക്കാല സമിതിയുടെ കീഴിലായിരുന്നു അപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.
ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎം സബാ കരീമിനെതിരെയാണ് ആരോപണമുയർന്നത്. ഇന്നലെയാണ് താരങ്ങള്‍ക്കുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയത്. സെപ്റ്റംബര്‍ 18 നായിരുന്നു നടപടികള്‍ ആരംഭിക്കേണ്ടത്. എന്നാല്‍, സെപ്റ്റംബര്‍ 23 നാണ് കരീം മെയില്‍ അയക്കുന്നത്. ഒക്ടോബര്‍ 24 നാണ് പണം നല്‍കാനുള്ള നീക്കം ആരംഭിക്കുന്നത്.
സെപ്റ്റംബര്‍ 23 നാണ് കരീമിന് ആദ്യ മെയില്‍ അയക്കുന്നത്. സെപ്റ്റംബര്‍ 25 ന് കരീമിന് റിമന്‍ഡര്‍ ലഭിച്ചു. ഒക്ടോബര്‍ 25 ന് രണ്ടാമത്തെ റിമൈന്‍ഡറും അയച്ചു. അപ്പോഴാണ് കരീം സിഇഒയുടെ അപ്പ്രൂവലിനായി മെയില്‍ അയക്കുന്നതെന്നാണ് ആരോപണം.
പുതിയ ഭരണസമിതി ഇടപെട്ടിലായിരുന്നുവെങ്കില് താരങ്ങള്‍ പണമില്ലാതെ വെസ്റ്റ് ഇന്‍ഡീസില്‍ വലയേണ്ടി വരുമായിരുന്നുവെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ തിരഞ്ഞെടുപ്പിലും കരീമിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.