അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ടിക്കറ്റെടുത്ത് ഇന്ത്യന്‍ വനിത ഹോക്കി ടീം. യുഎസ്എയെ 6-5 ന്റെ അഗ്രിഗേറ്റ് സ്കോറില്‍ തകര്‍ത്താണ് ഇന്ത്യ യോഗ്യത നേടിയത്. കലിംഗ സ്റ്റേഡിയത്തില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 1-4 ന് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ കളിയിലെ വന്‍ വിജയം ടീമിന് തുണയായി മാറി.
ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്സ് യോഗ്യത നേടുന്നത്. നേരത്തെ 1980 ലും 2016 ലും ഇന്ത്യ യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ടാം വട്ടം ഇന്ത്യന്‍ വനിത ടീം ഒളിമ്പിക്സ് യോഗ്യത നേടുന്നത്.
ഒന്നാം പാദത്തില്‍ 5-1 നായിരുന്നു ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്. രണ്ടാം പാദ മത്സരത്തില്‍ 1-4ന് പരാജയപ്പെട്ടെങ്കിലും നായിക റാണി രാംപാലിന്റെ ഏക ഗോള്‍ ഇന്ത്യയെ ടോക്കിയോയിലെത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ഗുര്‍ജീത് കൗര്‍ ഇന്ത്യയ്ക്കായി രണ്ട് ഗോള്‍ നേടിയിരുന്നു. ലിലിമ മിന്‍സ്, ഷര്‍മിള ദേവി, നവ്നീത് കൗര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടിയിരുന്നു. എറിന് മാറ്റ്സണാണ് യുഎസ്എയുടെ ഏക ഗോള്‍ നേടിയത്. ലോക റാങ്കിങ്ങില്‍ ഒമ്പതാമാതാണ് ഇന്ത്യ.