മുംബൈ: പരിശീലകനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍. ദേശീയ ടീമിന്റെ പരിശീലകനായ തുഷാര്‍ അറോതെ കളിയിലെ തീരുമാനങ്ങളില്‍ അമിതമായി ഇടപെടുന്നുവെന്നാണ് താരങ്ങളുടെ ആരോപണം. തങ്ങളുടെ പരാതി താരങ്ങള്‍ ബിസിസിഐയെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ട്.
തുഷാറിന്റെ തീരുമാനങ്ങള്‍ മൂലം തങ്ങള്‍ക്ക് കളിക്കളത്തില്‍ സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നാണ് താരങ്ങളുടെ ആരോപണം.
”കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. അതുകൊണ്ടാണവര്‍ ഞങ്ങളെ കാണാന്‍ വന്നത്. അവരുടെ ആരോപണങ്ങള്‍ പരിശോധിക്കും. സെലക്ഷന്‍ കമ്മിറ്റിയേയും താരങ്ങള്‍ സമീപിച്ചിട്ടുണ്ട്. കമ്മിറ്റിയും ബിസിസിഐ അധികൃതരും വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. സെലക്‌ടര്‍മാര്‍ക്കും തുഷാര്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.” ബിസിസിഐയുമായി ബന്ധപ്പെട്ടയാള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനോട് അവസാന പന്തില്‍ പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ആദ്യ കിരീടമാണ് ബംഗ്ലാദേശ് നേടിയത്. മൽസരത്തിനായുള്ള ടീം തിരഞ്ഞെടുക്കാന്‍ നായിക ഹര്‍മന്‍പ്രീതിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
ടീം സെലക്‌ട് ചെയ്യുന്നതില്‍ ഹര്‍മന്റെ അഭിപ്രായം പോലും ചോദിച്ചില്ലെന്നും ബോളര്‍മാരെ നെഗറ്റീവ് ലൈനില്‍ തന്നെ പന്തെറിയാന്‍ കോച്ച് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു. അതേസമയം, നെറ്റ് പ്രാക്‌ടീസിനെ സംബന്ധിച്ച് വ്യക്തമായ പ്ലാനുകൾ ഇല്ലായിരുന്നുവെന്നും താരങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് വിമുഖത കാണിച്ചെന്നും താരങ്ങള്‍ ആരോപിക്കുന്നു.
അതേസമയം, ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള ക്യാംപ് താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. താരങ്ങള്‍ക്ക് ഇപ്പോള്‍ വിശ്രമമാണ് ആവശ്യമെന്നും ബിസിസിഐ പറഞ്ഞു.