ജൊഹന്നാസ്ബർഗ്: പരമ്പര നേട്ടം ലക്ഷ്യം വച്ച മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾ 134 റൺസിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചു. ഹർമൻപ്രീത് കൗറിന്റെ 48 റൺസ് ഇന്ത്യയ്ക്ക് കരുത്തായപ്പോൾ അഞ്ച് വിക്കറ്റ് വീഴ്ത്തി ഷബ്നം ഇസ്മായിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുന്നത് തടഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടോവറും ഒരു പന്തും ബാക്കിനിൽക്കേ ഓൾ ഔട്ടായി. ആദ്യ രണ്ട് മത്സരത്തിലും ജയിച്ചു നിൽക്കുന്ന ഇന്ത്യക്ക് ഈ മത്സരം കൂടി ജയിച്ചാൽ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാവും.

ആദ്യ ട്വന്റി20യിൽ ഏഴു വിക്കറ്റിനും രണ്ടാം മൽസരത്തിൽ ഒൻപതു വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. എന്നാൽ മൂന്നാം ടി20 യിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു.

30 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 48 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ ഓപ്പണർ മിതാലി രാജ് പുറത്തായി. അഞ്ചു പന്തു നേരിട്ട മിതാലി ആദ്യ ഓവറിൽ തന്നെ കാപ്പിന് കീഴടങ്ങി. പിന്നീട് സ്മൃതി മന്ദാനയും കൗറും ചേർന്നുളള കൂട്ടുകെട്ടാണ് ഇന്ത്യയെ കാത്തത്.  55 റൺസ് പടുത്തുയർത്തിയ ഇവരുടെ കൂട്ടുകെട്ട് തകർന്നതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

മധ്യനിരയിൽ തിളങ്ങാനായത് വേദ കൃഷ്ണമൂർത്തിക്കു മാത്രം. 14 പന്തു നേരിട്ട കൃഷ്ണമൂർത്തി നാലു ബൗണ്ടറികളോടെ 23 റൺസെടുത്തു. ജെന്നി റോഡ്രിഗസ് (10 പന്തിൽ ആറ്), അനൂജ പട്ടേൽ (ഏഴ്), പാണ്ഡെ (മൂന്ന്), ടാനിയ ഭാട്യ (ഒന്ന്), വസ്ട്രാകാർ (രണ്ട്), പൂനം യാദവ് (മൂന്ന്) എന്നിവർ വന്നത് പോലെ മടങ്ങി.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 എന്ന നിലയിലാണ്. ഓപ്പണർമാരെ മടക്കി ഗെയ്‌ക്‌വാദും വസ്ത്രാർക്കറും ആണ് ഇന്ത്യയ്ക്ക്  ആത്മവിശ്വാസം നൽകിയത്. 13 ഓവറിൽ ഇനി ദക്ഷിണാഫ്രിക്കയ്ക്ക് 94 റൺസ് വേണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ