ദക്ഷിണാഫ്രിക്കൻ വനിതകളുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് പ്രിയ പൂനിയയും ജെമിമ റോഡ്രിഗസും ചേർന്നു നൽകിയത്. ദക്ഷിണാഫ്രക്കൻ ബോളർമാരെ ശ്രദ്ധാപൂർവം നേരിട്ട ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ സ്കോർബോർഡ് ഉയർത്തി. ടീം സ്കോർ 83ൽ നിൽക്കെ ജെമിമ പുറത്ത്. 65 പന്തിൽ 55 റൺസ് നേടിയ ജെമിമയെ നോന്ദോമീസോ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

ജെമിമ പുറത്തായതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത പ്രിയ, പൂനം റൗത്തിനെ മറുവശത്ത് കാഴ്ചക്കാരിയാക്കി തകർത്തടിച്ചു. 124 പന്തിൽ 75 റൺസുമായി പ്രിയ പുറത്താകാതെ നിന്നു. ഇതിനിടയിൽ പൂനം റൗത്തിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ക്രീസിലെത്തിയ നായിക മിതാലി രാജ് പ്രിയക്ക് മികച്ച പിന്തുണ നൽകി. 24 പന്തിൽ 11 റൺസാണ് താരം നേടിയത്.

Also Read: മിന്നും ‘രാജ്ഞി’; രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് പതിറ്റാണ്ട് തികച്ച് ഇന്ത്യൻ താരം മിതാലി രാജ്

നേരത്തെ മാരിസേൺ കോപ്പിന്റെ അർധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ലിസെല്ല ലീയെ പുറത്താക്കി ജൂലാൻ ഗോസ്വാമി ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയും റൺറേറ്റ് നിയന്ത്രിച്ചും പ്രൊട്ടിയാസുകളെ 164 റൺസിലൊതുക്കാൻ ഇന്ത്യൻ ബോളർമാർക്കായി.

ഇന്ത്യക്ക് വേണ്ടി ജൂലാൻ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിഖ പാണ്ഡെ, എക്ത ബിഷ്ത്, പൂനം യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ദീപ്തി ശർമ്മയ്ക്കാണ് ഒരു വിക്കറ്റ്.

അതേസമയം, വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന് മറ്റൊരു ലോക റെക്കോർഡ് കൂടി. രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം തികച്ചു മുന്നേറുകയാണ് മിതാലി രാജ്. ദക്ഷിണാഫ്രിക്കക്കെതിരെ വഡോദരയിൽ നടന്ന മത്സരത്തിലാണു മിതാലി കരിയറിലെ നിർണായക നാഴികകല്ല് പിന്നിട്ടത്. 20 വർഷത്തിലധികം രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ആദ്യ വനിത താരമാണ് മിതാലി.

1999 ജൂൺ 26ന് അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ രാജ്യാന്തര ഏകദിന അരങ്ങേറ്റം. ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുമ്പോൾ മിതാലിയുടെ കരിയർ 20 വർഷവും 105 ദിവസവും പിന്നിട്ടു. പുരുഷ-വനിത താരങ്ങളുടെ കണക്കിൽ ഏറ്റവും വലിയ നാലാമത്തെ രാജ്യാന്തര കരിയർ മിതാലിയുടേതാണെന്നത് എടുത്തുപറയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook