സൂറത്ത്: ദക്ഷിണാഫ്രിക്കൻ വനിതകളുടെ ഇന്ത്യൻ പര്യടനത്തിലെ അഞ്ചാം ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 98 റൺസെന്ന സ്കോർ ഇന്ത്യ 18-ാം ഓവറിൽ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കം തന്നെ പിഴച്ചു. ടീം സ്കോർ 23ൽ എത്തിയപ്പോൾ തന്നെ ആദ്യ വിക്കറ്റ് വീണു. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ ഒന്നൊന്നായി ഇന്ത്യൻ ബോളർമാർ കൊയ്തു. ഇതോടെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 98ൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി രാധ യാദവ് മൂന്ന് വിക്കറ്റും ദീപ്തി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി. 17 റണ്‍സ് നേടിയ ലൗറ വോള്‍വാഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. 14 റൺസെടുത്ത ഷഫാലിയാണ് ആദ്യം പുറത്തായത്. പിന്നാലെ സ്മൃതി മന്ദാനയും ജെമി റോഡ്രിഗസും, ഇന്ത്യ മൂന്ന് വിക്കറ്റിന് 29 റൺസെന്ന നിലയിൽ. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹർമൻപ്രീത് – ദീപ്തി ശർമ്മ സഖ്യം ഇന്ത്യക്ക് വിജയപാത തെളിയിച്ചു. ഇരുവരുടെയും അർധസെഞ്ചുറി കൂട്ടുകെട്ട് പൊളിച്ചത് ഇസ്മയിൽ. പിന്നാലെ വന്ന വേദ കൃഷ്ണമൂർത്തിയും വേഗം മടങ്ങിയെങ്കിലും നായിക ഹർമൻപ്രീത് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook