സൂറത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിലെ താരം ദീപ്തി ശര്‍മ്മ എന്ന ഓള്‍ റൗണ്ടറാണ്. എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ ദീപ്തിയുടെ പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഇതില്‍ മൂന്ന് ഓവറും മെയ്ഡനായിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനം ദീപ്തിയെ റെക്കോര്‍ഡ് ബുക്കിലും എത്തിച്ചിരിക്കുകയാണ്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒരു ടി20 മത്സരത്തില്‍ മൂന്ന് മെയ്ഡനുകള്‍ എറിയുന്നത്. മത്സരത്തില്‍ താന്‍ എറിഞ്ഞ 19-ാമത്തെ പന്തിലാണ് ദീപ്തി ആദ്യത്തെ റണ്‍ വിട്ടു കൊടുക്കുന്നത്. ആദ്യ മൂന്ന് ഓവറും മെയ്ഡനായിരുന്നു. ഇതില്‍ രണ്ട് ഓവറുകളില്‍ വിക്കറ്റും നേടി. 131 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ ഇന്ത്യയ്ക്ക് പ്രതിരോധിക്കാനും വിജയം സ്വന്തമാക്കാന്‍ സാധിച്ചതും ദീപ്തിയുടെ സ്‌പെല്‍ ഒന്നുകൊണ്ട് മാത്രമാണ്.

നേരത്തെ, ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 43 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ്ങില്‍ മിഗ്നോന്‍ ഡു പ്രീസ് അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ശിഖ പാണ്ഡെ, പൂനം യാദവ്, രാധ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി ദീപ്തിയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. നായിക ഒരു വിക്കറ്റും സ്വന്തമാക്കി.

”എനിക്ക് ഒരു ഘട്ടത്തില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷെ നമ്മുടെ ബോളര്‍മാരെ സമ്മതിക്കണം. അവര്‍ വളരെ നന്നായി കളിച്ചു. ഞാന്‍ പ്ലാന്‍ ചെയ്തത് പോലെ തന്നെ ബോള്‍ ചെയ്തു. വിക്കറ്റ് ടു വിക്കറ്റ് എറിയാനായിരുന്നു പ്ലാന്‍. ടേണിങ്ങുമുണ്ടായിരുന്നത് ഗുണമായി” ഹര്‍മന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook