ന്യുസിലൻഡിനെതിരായ മൂന്നാം ടി20യിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. രണ്ട് റൺസിനാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലൻഡ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസെടുക്കാനെ സാധിച്ചുള്ളു. അവസന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ മത്സരം കൈവിട്ടത്. സ്‌മൃതി മന്ദാനയുടെ തകർപ്പൻ അർധ സെഞ്ചുറിയ്ക്കും ഇന്ത്യയ്ക്ക് ആശ്വാസ ജയം സമ്മാനിക്കാൻ കഴിഞ്ഞില്ല.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കിവികൾക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. അഞ്ച് ഓവറിൽ ടീം സ്കോർ 46 റൺസിലെത്തിച്ച ശേഷമാണ് സൂസി ബെയ്റ്റ്സ് കളം വിട്ടത്. 52 പന്തിൽ 72 റൺസ് നേടി അർധസെഞ്ചുറി തികച്ച് സോഫി ഡിവൈനും മടങ്ങി. ഹന്നയും ഏമിയും ഭേദപ്പെട്ട സ്കോർ സംഭാവന ചെയ്തപ്പോൾ ന്യുസിലൻഡ് സ്കോർ ഉയർന്നു. അവസാന ഓവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞത് കിവികൾക്ക് തിരിച്ചടിയായെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ 162 റൺസെന്ന വിജയലക്ഷ്യം വെയ്ക്കാൻ അവർക്കായി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ സ്‌മൃതി തകർത്തടിച്ചു. ഒരു റൺസുമായി പ്രിയ പൂനിയ മടങ്ങിയെങ്കിലും ജെമിമ റോഡ്രിഗസിനെ ഒരറ്റത്ത് നിർത്തി മന്ദാന വെടിക്കെട്ട് തുടർന്നു. 62 പന്തിൽ ഒരു സിക്സും 12 ഫോറും പായിച്ച് 86 റൺസാണ് മന്ദാന അടിച്ചുകൂട്ടിയത്. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. മിതാലി രാജും ദീപ്തി ശർമ്മയും പരിചയ സമ്പത്ത് മുതലാക്കി ബാറ്റ് വീശിയെങ്കിലും ലക്ഷ്യം പൂർത്തികരിയ്ക്കാനായില്ല.

ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. മൂന്ന് ജയിക്കാവുന്ന മത്സരങ്ങൾ അവസാന നിമിഷം ഇന്ത്യ നഷ്ടപ്പെടുത്തുകയായിരുന്നു. നേരത്തെ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ