വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 136 റൺസെടുക്കുന്നതിനിടയിൽ എല്ലാവരും പുറത്താവുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കാര്യമായ സംഭാവന നൽകാതെ സൂസി ബെറ്റ്സ് രാധ യാദവിന്റെ പന്തിൽ തനിയ ഭാട്ടിയയ്ക്ക് ക്യാച്ച് നൽകി പുറത്തായെങ്കിലും സോഫി ഡെവൈൻ മറുവശത്ത് ഉറച്ച് നിന്നു. അർധ സെഞ്ചുറി തികച്ച സോഫിക്ക് പിന്തുണയുമായി നായിക ഏമി സറ്റർത്വെയ്റ്റ് കൂടി എത്തിയതോടെ കിവികൾ ഭേദപ്പെട്ട സ്കോറിലേയ്ക്ക് ഉയർന്നു. 48 പന്തിൽ 62 റൺസെടുത്ത സോഫിയും 27 പന്തിൽ 33 റൺസെടുത്ത ഏമിയും പുറത്തായതോടെ കേറ്റി മാർട്ടിൻ സ്കോറിങ്ങിന്റെ ചുമതല ഏറ്റെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച കേറ്റി മാർട്ടിൻ 14 പന്തിൽ 27 റൺസ് നേടി. ഇതിൽ രണ്ട് സിക്സറുകളും ഒരു ഫോറും ഉൾപ്പെടുന്നു. ഇതോടെ നിശ്ചിത ഓവറിൽ ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഡി, രാധ യാദവ്, ദീപ്തി ശർമ്മ, പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പ്രിയ പൂനിയ നാല് റൺസിൽ മടങ്ങിയത് തുടക്കത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി ആയെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാനയും ജെമിമ റോഡ്രിഗസും തകർത്തടിച്ചു. 24 പന്തിൽ അർധ സെഞ്ചുറി തികച്ച സ്മൃതി മന്ദാന ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ അതിവേഗം അർധ സെഞ്ചുറി നേടുന്ന വനിത താരവുമായി. ഏഴ് ബൗണ്ടറികളും മൂന്ന് സിക്സുകളും പായിച്ച മന്ദാന 34 പന്തിൽ 58 റൺസ് നേടി. ടീം സ്കോർ 102ൽ നിൽക്കെ മന്ദാനയും അടുത്ത ഓവറിൽ ജെമിമയും പുറത്തായതോടെ ഇന്ത്യ വീണ്ടും തകർച്ച മുന്നിൽ കണ്ടു.
പിന്നാലെ എത്തിയവർക്കാർക്കും തന്നെ ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിക്കാൻ സാധിച്ചില്ല. നായിക ഹർമൻപ്രീത് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും അമേലിയയുടെ പന്ത് കേറ്റി മാർട്ടിന് ക്യാച്ച് നൽകി ഹർമൻ പ്രീതും മടങ്ങി. മധ്യനിരയും വാലറ്റവും തകർന്നടിയുകയായിരുന്നു. ന്യൂസിലൻഡിന് വേണ്ടി ലീ തഹുഹു മൂന്ന് വിക്കറ്റും അമേലിയ കേർ, കാസ്പെർക്ക് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.