ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി 20യിൽ ഇന്ത്യൻ വനിതകൾക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് ശേഷിക്കെ ന്യൂസിലൻഡ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഇന്ത്യൻ വനിതകൾ പൊരുതിയെങ്കിലും ജയിക്കാനായില്ല. ഫീൽഡിങ്ങിലെ പാകപ്പിഴവുകളാണ് ഇന്ത്യക്ക് വിലങ്ങു തടിയായത്. സുസി ബേറ്റ്സ് ആണ് കീവിസിന്റെ ജയത്തിന് നിർണയകമാണ്. സുസി (62) അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ എമി സാറ്റർത്‌വെയ്റ്റ് 23 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് എടുത്തത്. മുതിര്‍ന്ന താരങ്ങളെല്ലാം നേരത്തെ മടങ്ങിയപ്പോള്‍ ഇന്ത്യക്കായി ജമീമ റോഡ്രിഗ്വസ് ഒറ്റയ്ക്ക് നിന്ന് പോരാടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജമീമയുടെ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ 135 റൺസിലേക്കെത്തിച്ചത്.

ഓപ്പണര്‍ പ്രിയ പുനിയ ഇന്നും തുടക്കത്തില്‍ തന്നെ മടങ്ങിയപ്പോള്‍ ഹിറ്റ് കൂട്ടുകെട്ടായ സ്മൃതി മന്ദാനയും ജമീമയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. കഴിഞ്ഞ കളിയുടെ തനിയാവര്‍ത്തനം പ്രതീക്ഷിച്ചിരിക്കെ മന്ദാന പുറത്തായി. 27 പന്തുകളില്‍ നിന്നും 36 റണ്‍സുമായാണ് മന്ദാന പുറത്തായത്. പകരമെത്തിയ നായിക ഹര്‍മന്‍പ്രീത് അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ കളിയുടെ നിയന്ത്രണം ജമീമ ഏറ്റെടുത്തു.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോഴും ജമീമ പൊരുതുകയായിരുന്നു. 53 പന്തുകളില്‍ നിന്നും 72 റണ്‍സാണ് ജമീമ എടുത്തത്. ഇതില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ജമീമയും മന്ദാനയും ഒഴികെ മറ്റാരും രണ്ടക്കം കാണാതെ മടങ്ങിയത് സ്‌കോറിങ്ങിനെ ബാധിച്ചു. മധ്യനിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ