മെൽബൺ: ഓസ്ട്രേലിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിർത്തി മറികടക്കുകയായിരുന്നു. ടി20 ക്രിക്കറ്റിൽ ഇന്ത്യ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോർ കൂടിയാണ് ഇന്ന് മെൽബണിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഓസിസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് എലിസ ഹീലിയെ മടക്കി നായികയുടെ തീരുമാനം ശരിയെന്ന് ദീപ്തി ശർമ തോന്നിപ്പിച്ചു. എന്നാൽ രണ്ടാ വിക്കറ്റിൽ ഒത്തുചേർന്ന ബെത് മൂണി – ആഷ്‌ലി ഗാർഡ്നർ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതോടെ ഓസിസ് മുന്നേറി. 16 റൺസെടുത്ത ബെത് മൂണി പുറത്തായെങ്കിലും നായിക മെഗ് ലാന്നിങ്ങിനെ കൂട്ടുപിടിച്ച് ആഷ്‌ലി പോരാട്ടം തുടർന്നു.

57 പന്തിൽ 93 റൺസാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്സും 11 ഫോറും ഉൾക്കൊള്ളുന്നതായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ ഇന്നിങ്സ്. രാധ യാദവിന്റെ പന്തിൽ ആഷ്‍‌ലി പുറത്താകുമ്പോൾ ടീം സ്കോർ 150ൽ എത്തിയിരുന്നു. 37 റൺസുമായി മെഗ് ലാന്നിങ്ങും തിളങ്ങിയതോടെ ഓസ്ട്രേലിയ 173 എന്ന മികച്ച സ്കോറിലെത്തി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ വനിതകൾ തുടക്കം മുതൽ അക്രമിച്ച് കളിച്ചു. സ്മൃതി മന്ദനയ്ക്കൊപ്പം യുവതാരം ഷെഫാലി വാർമ കൂടി ചേർന്നതോടെ ഇന്ത്യൻ ടീം സ്കോർ അതിവേഗം കുതിച്ചു. 28 പന്തിൽ 49 റൺസുമായി ഷെഫാലി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 85ൽ എത്തിയിരുന്നു.

ഷെഫാലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ജെമിമയും തകർത്തടിച്ചതോടെ ഇന്ത്യ വിജയതീരത്തോട് അടുത്തു. ഇതിനിടയിൽ സ്മൃതി അർധസെഞ്ചുറി തികച്ചു. 55 റൺസുമായി മന്ദാനയും 30 റൺസ് നേടിയ ജെമിമയും പുറത്തായതോടെ ഹർമൻപ്രീത് കൗർ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. ദീപ്തി ശർമയെ കൂട്ടുപിടിച്ച് നായിക ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook