ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ സ്വന്തമാക്കിയ ആധികാരിക ജയത്തിന് ശേഷം ഇന്ത്യയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ വനിതകൾ. ഹർമൻപ്രീതിന്റെ പരുക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാണെങ്കിലും സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്ന ആനുകൂല്യം ഇന്ത്യ മുതലാക്കുമെന്ന് ഉറപ്പാണ്.

ഐസിസി വുമൺസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്. നാളെയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങൾക്കും വേദിയാകുക മുംബൈ വാങ്കഡെ സ്റ്റേഡിയമായിരിക്കും. ഫെബ്രുവരി 25, 28 തീയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങൾ.

ലോകറാങ്കിങ്ങിൽ നാലാം സ്ഥാനം 2020 വരെ നിലനിർത്തേണ്ട സാഹചര്യം നിലവിലുള്ളതിനാൽ പരമ്പര നേട്ടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 2021 ലോകകപ്പ് നേരിട്ട് യോഗ്യത നേടണമെങ്കിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം നിലനിർത്തിയേ മതിയാകൂ. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യ സന്ദർശകരെ 2-1 പരാജയപ്പെടുത്തിയിരുന്നു.

മിതാലി രാജ് നയിക്കുന്ന ഇന്ത്യൻ ടീം ശക്തമാണ്. സ്‍മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവർ മികച്ച ഫോമിലാണെന്നതും ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു. പുതിയ മധ്യനിരയിലും പ്രതീക്ഷകളേറെ. ബോളിങ്ങിൽ സീനിയർ താരം ജൂലൻ ഗോസ്വമിയും പൂനം യാദവും തന്ത്രങ്ങൾ മെനയും.

ഇന്ത്യൻ ടീം: മിതാലി രാജ്, ജൂലാൻ ഗോസ്വാമി, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, താനിയ ഭാട്ടിയ, ആർ കൽപ്പന, മോന മെശ്റാം, എക്ത ബിഷ്ത്, രാജേശ്വരി, പൂനം യാദവ്, ശിഖ പാണ്ഡെ, മൻസി ജോഷി, പൂനം റാവുത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook