ഇൻഡോർ: മൂന്നാം ഏകദിനത്തിലും ഓസീസിനെതിരെ തകർപ്പൻ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. നേരത്തേ രണ്ട് ഏകദിന മത്സരത്തിലും ജയിച്ച ടീം ഇന്ത്യ മൂന്നാം ഏകദിനവും തങ്ങളുടേതാക്കിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ തോൽവിയറിയാതെ ജേതാക്കളായി.

ഓസീസ് ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ, തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മ (71), അജിങ്ക്യ രഹാനെ (70), ഹർദ്ദിക് പാണ്ഡ്യ (78) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിർണ്ണായക ശക്തിയായ ഹർദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

വിജയത്തിന് പത്ത് റൺസ് അകലെയാണ് ഹർദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. 48ാം ഓവറിൽ 13 പന്ത് ബാക്കി നിൽക്കേയാണ് ഇന്ത്യ വിജയം കണ്ടത്.

നേരത്തേ ഓപ്പണർ ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറി (129) കരുത്തിലാണ് ഇന്ത്യയ്ക്ക് എതിരെ ഓസീസ് 293 റൺസ് നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 63 റൺസും ഡേവിഡ് വാർണർ 42 ഉം റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ