ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയിലും കനത്ത പരാജയം ഏറ്റുവാങ്ങിയാണ് വിൻഡീസ് ടീം ടി20 പരമ്പരയ്ക്ക് ഒരുങ്ങുന്നത്. എന്നാൽ ഇതുവരെ കണ്ട വിൻഡീസ് ടീമിനെയാകില്ല കുട്ടിക്രിക്കറ്റിൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. ശക്തമായ ടീമിനെയാണ് വിൻഡീസ് ഇന്ത്യയ്ക്കെതിരെ അണിനിരത്തുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും വിൻഡീസിനെ നയിച്ച ജേസൺ ഹോൾഡർ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇല്ല. പകരം കാർലോസ് ബ്രാത്ത്‍വൈറ്റാകും വിൻഡീസ് നായക വേഷത്തിൽ.

ഒപ്പം സീനിയർ താരങ്ങളായ കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസൽ, ഡാരൻ ബ്രാവോ എന്നിവരും വിൻഡീസ് നിരയുടെ ശക്തിയാകും. കൂടാതെ ഫാബിയാൻ അലൻ ഉൾപ്പടെയുള്ള പുതുമുഖ നിരയും. വെടിക്കെട്ട് തീർക്കാൻ ഏകദിന പരമ്പരയിൽ തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹിറ്റ്മെയറും.

നേരത്തെ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയിലും ആധിപത്യം തുടർന്നു. 3-1നാണ് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. വിജയങ്ങളെല്ലാം വമ്പൻ മാർജിനുകളിലും. ഇനി കുട്ടിക്രിക്കറ്റിൽ ഈ വിജയങ്ങൾ തുടരാൻ ഇന്ത്യയ്ക്കാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ അത് അത്ര എളുപ്പമാകില്ലെന്നാണ് വിൻഡീസ് ടീം ലൈൻഅപ്പ് വ്യക്തമാക്കുന്നത്.

മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പയിൽ ഉള്ളത്. നാളെ ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം നവംബർ 6ന് ലക്‌നൗവിലും, അവസാന മത്സരം 11ന് ചെന്നൈയിലുമാണ്. എല്ലാ മത്സരങ്ങളും രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.

വിൻഡീസ് ടി20 ടീം: കാർലോസ് ബ്രാത്ത് വൈറ്റ് (ക്യാപ്റ്റൻ), ഫാബിയൻ അലൻ, ഡാരൻ ബ്രാവോ, ഷിം റോൺ ഹിറ്റ്മയർ, കീമോ പോൾ, കീറൺ പൊള്ളാർഡ്, രാംദിൻ, റസൽ, റൂതർഫോർഡ്, ഒഷേൻ തോമസ്, ഖായ് പിയറി, ഒബിഡ് മക്കോ, റോവ്മാൻ പവൽ, നിക്കോളാസ് പൂറൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ