scorecardresearch
Latest News

ടി20 പൂരം: പുതുമുഖത്തെ പരീക്ഷിക്കാൻ ഇന്ത്യ; പ്രമുഖ താരമില്ലാതെ വിൻഡീസ്

ഏകദിന-ടെസ്റ്റ് പരമ്പരകളിലെ ടീമുകളിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇന്ത്യയും വിൻഡീസും മത്സരത്തിനിറങ്ങുന്നത്

ടി20 പൂരം: പുതുമുഖത്തെ പരീക്ഷിക്കാൻ ഇന്ത്യ; പ്രമുഖ താരമില്ലാതെ വിൻഡീസ്

കൊൽക്കത്ത: ഏകദിന – ടെസ്റ്റ് പരമ്പരകളിലെ സമ്പൂർണ്ണ ജയത്തിന് ശേഷം ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ ടി20 മത്സരത്തിനിറങ്ങും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ടി20 പരമ്പരയിലും കിരീടം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ആശ്വാസ വിജയമാണ് വിൻഡീസിന്റെ ലക്ഷ്യം.

ഏകദിന-ടെസ്റ്റ് പരമ്പരകളിലെ ടീമുകളിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇരു രാജ്യങ്ങളും ടി20 മത്സരത്തിനിറങ്ങുന്നത്. നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ധോണിക്ക് പകരക്കാരനായി ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും.

ക്രുണാൽ പാണ്ഡ്യ ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. മത്സരത്തിനുള്ള 12 അംഗ സാധ്യത ടീമിൽ ക്രുണാലും ഇടം പിടിച്ചു. സ്പിന്നർമാരിൽ കുൽദീപ് യാദവോ, യുസ്‍വേന്ദ്ര ചാഹലോ ടീമിന് പുറത്ത് പോകാനാണ് സാധ്യത.

മറുവശത്ത് വിൻഡീസാകട്ടെ ടി20 സ്പെഷ്യലിസ്റ്റുകളിൽ വിശ്വാസമർപ്പിച്ചാണ് മത്സരത്തിന് ഇറങ്ങുന്നത്. ടെസ്റ്റിലും ഏകദിനത്തിലും വിൻഡീസിനെ നയിച്ച ജേസൺ ഹോൾഡർ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇല്ല. പകരം കാർലോസ് ബ്രാത്ത്‍വൈറ്റാകും വിൻഡീസ് നായക വേഷത്തിൽ.

ഒപ്പം സീനിയർ താരങ്ങളായ കീറോൺ പൊള്ളാർഡ്, ഡാരൻ ബ്രാവോ എന്നിവരും വിൻഡീസ് നിരയുടെ ശക്തിയാകും. കൂടാതെ ഫാബിയാൻ അലൻ ഉൾപ്പടെയുള്ള പുതുമുഖ നിരയും. വെടിക്കെട്ട് തീർക്കാൻ ഏകദിന പരമ്പരയിൽ തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹിറ്റ്മെയറും. എന്നാൽ ഇതുവരെ ഓൾറൗണ്ടർ ആന്ദ്രെ റസൽ ടീമിനൊപ്പം ചേർന്നട്ടില്ല.

ടീം- രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, യുസ്‍വേന്ദ്ര ചാഹല്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India windies t20 match preview