ലോക ക്രിക്കറ്റിനെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തിലുള്ള കങ്കാരുപ്പട അടക്കിവാണ ഒരു കാലഘട്ടമുണ്ടായിരുന്നു. ക്രിക്കറ്റിലെ എല്ലാ മേഖലകളിലും സർവ്വാധിപത്യം കാഴ്ചവെച്ച പോണ്ടിങ്ങിന്റെ സംഘത്തെ കീഴ്‌പ്പെടുത്താന്‍ എതിരാളികൾക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. മാത്യു ഹെയ്ഡനും, മൈക്കൽ ബെവനും, ഗ്ലെൻ മഗ്രാത്തും അടങ്ങുന്ന താരങ്ങൾ കാഴ്ചവെച്ച പ്രഫഷണലിസമായിരുന്നു ഓസ്‌ട്രേലിയയെ ഉയരങ്ങളിൽ എത്തിച്ചത്. അന്ന് പോണ്ടിങ്ങും കൂട്ടരും കാഴ്ചവെച്ച മികവ് ക്രിക്കറ്റ് മൈതാനത്ത് ഒരിക്കൽക്കൂടി പുറത്തെടുത്താണ് രാഹുൽ ദ്രാവിഡിന്റെ കുട്ടികൾ കൗമാര ലോകകപ്പിൽ മുത്തമിടുന്നത്.
കേവലം ഒന്നോ രണ്ടോ താരങ്ങൾ ഒതുങ്ങുന്നതായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. ചോരത്തിളപ്പുള്ള 11 താരങ്ങളുടെ കൂട്ടായ അധ്വാനമായിരുന്നു ഇന്ത്യക്ക് ലോകകിരീടം നൽകിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും സർവ്വാധിപത്യം. മൈതാനത്ത് എല്ലാവരും നായകൻമാർ. ഗെയിം പ്ലാനിൽ ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡിന്റെ മാസ്റ്റർ ടച്ചും കൂടിച്ചേർന്നതോടെ ഇന്ത്യയുടെ പടക്കുതിരകൾ കുതിച്ച് പാഞ്ഞു.
രഞ്ജി ട്രോഫിയിൽ തുടർ സെഞ്ചുറികൾ നേടിയ പൃഥ്വി ഷായെ ചുറ്റിപ്പറ്റിയായിരുന്നു ഇന്ത്യയുടെ കിരീട സാധ്യതകൾ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ പൃഥ്വി ഷാ മാത്രമല്ല , ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളാകുന്നു ഒരുകൂട്ടം സിംഹക്കുട്ടികളെയാണ് ന്യൂസിലാൻഡിൽ കണ്ടത്. ശുഭ്മാൻ ഗില്ലും, മനോജ് കൽറയും, അഭിഷേക് ശർമ്മ എന്നിവർ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ അനുകൂൽ റോയിയും ശിവ സിങ്ങും ഇന്ത്യയുടെ സ്പിൻ പെരുമ കാത്തു. ശിവം മാവി, കമലേഷ് നാഗർ കോട്ടി, ഇഷാൻ പോറൽ എന്നിവരാണ് പേസ് ഡിപ്പാർട്ട്മെന്റിൽ തിളങ്ങിയത്.
ന്യൂസിലാൻഡ് മണ്ണിൽ ഇന്ത്യൻ യുവതുർക്കികൾ തങ്ങളുടെ നാലാം ലോകകിരീടം ഉയർത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് നമുക്ക് ഉറപ്പിക്കാം. ക്രിക്കറ്റ് പണ്ഡിതൻമാരേയും എതിരാളികളെയും വിറപ്പിച്ച ഇന്ത്യൻ പേസർമാരാണ് ഈ ടൂർണ്ണമെന്റിന്റെ കണ്ടെത്തൽ. കമലേഷ് നാഗർകോട്ടി, ശിവം മാവി, ഇഷാൻ പോറൽ എന്നിവരുടെ തീപാറും പന്തുകൾ എതിർ താരങ്ങളെ കിടിലം കൊള്ളിച്ചു. 140 കിലോമീറ്റർ വേഗതയിൽ കൃത്യയോടെ പന്തെറിഞ്ഞ ഈ മൂവർ സംഘം 6 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് പിഴുതത്. ശിവം മാവിയും നാഗർകോട്ടിയും (9) വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, ഇഷാൻ പോറൽ (6) പേരെയാണ് ഇരകളാക്കിയത്.
എല്ലാ കൗമാരലോകകപ്പിലും ബാറ്റിങ്ങ് നിരയിൽ ഇന്ത്യക്കായി സൂപ്പർ പ്രകടനം കാഴ്ചവെച്ചക്കാൻ താരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ ഉപനായകനായ ശുഭ്മാൻ ഗില്ലായിരുന്നു ഇത്തവണത്തെ താരദോയം. ഒരു സെഞ്ചുറിയും 3 അർധസെഞ്ചുറികളുമടക്കം 371 റൺസാണ് ഈ 18കാരൻ അടിച്ച് കൂട്ടിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്ക്കാരവും ഗില്ലിനെ തേടിയെത്തി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ സ്ട്രൈറ്റ് ഡ്രൈവുകളെ അനുസ്മരിപ്പിച്ച പൃഥ്വി ഷാ 261 റൺസാണ് അടിച്ച് കൂട്ടിയത്. ഇടങ്കയ്യൻ ഓപ്പണർ മൻജോത് കൽറ 243 റൺസും നേടി.
ഗ്രൂപ്പ് ഘട്ടം മുതൽ ആധികാരിക ജയങ്ങളോടെയാണ് പൃഥ്വി ഷായും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. ഉദ്ഘാടന മത്സരത്തിൽ കങ്കാരുക്കളെ 10 വിക്കറ്റിനാണ് ഇന്ത്യ തകർത്ത് വിട്ടത്. ദുർബലരായ പപ്പുവ ന്യൂഗിനിക്കും സിംബാവെയ്ക്കും ഇന്ത്യൻ ടീമിനെ വെല്ലുവിളിക്കാൻ പോലും സാധിച്ചില്ല.
ക്വാർട്ടർ പോരാട്ടത്തിൽ അയൽക്കാരായ ബംഗ്ലാദേശിനോടും ഇന്ത്യയുടെ ചുണക്കുട്ടികൾ കരുണകാട്ടിയില്ല. 131 റൺസ് എന്ന കൂറ്റൻ മാർജിനിലാണ് ബംഗ്ലാ കടുവകളെ ഇന്ത്യൻ ടീം മെരുക്കിയത്. സെമിഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ 203 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റ് നേടിയത്. കലാശപോരാട്ടത്തിൽ ഒരിക്കൽക്കൂടി കങ്കാരുക്കളെ തറപറ്റിച്ച് ഇന്ത്യ കപ്പും നേടി. കരുത്തരായ കങ്കാരുപ്പടയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ സുവർണ്ണ കപ്പിൽ മുത്തമിടുന്നത്.
യുവത്വത്തിന്റെ ചോരത്തിളപ്പിനെ വിജയമന്ത്രമായി എഴുതിച്ചേർത്ത രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുളള പരിശീലക സംഘത്തിന്റെ സംഭാവനയും ഈ ചരിത്രനേട്ടത്തിന് അടിത്തറപാകി. കഴിഞ്ഞ 14 മാസമായി അണ്ടർ-19 ലോകകപ്പ് ലക്ഷ്യമാക്കി പരിശീലനം നടത്തിയ ടീം കപ്പുമായി മടങ്ങുന്നതിൽ അതിശയോക്തിയൊന്നുമില്ല. കിരീടം നേടണമെന്ന ഒറ്റ ലക്ഷ്യവുമായി രാപ്പകൽ ഇല്ലാതെ അധ്വാനിച്ച താരങ്ങൾ ഇത് സ്വന്തമാക്കുകയും ചെയ്തു. അഭിമാനിക്കാം നമുക്ക്, കാത്തിരിക്കാം ഇന്ത്യയുടെ യുവതുർക്കികൾ ക്രിക്കറ്റ് ലോകം കീഴടക്കുന്ന നാളേക്കായി.