ഓപ്പണിംഗ് വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിൽ നിന്ന് ഇന്ത്യ തോൽവിയിലേക്കെന്നോണം കൂപ്പുകുത്തിയ രണ്ടാം ഏകദിനത്തിൽ ലങ്കയിൽ നിന്ന് ജയം പിടിച്ചുവാങ്ങി ടീം ഇന്ത്യ. വിക്കറ്റ് നഷ്ടപ്പെടാതെ 109 എന്ന നിലയിൽ നിന്ന് 131/7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ടീം ഇന്ത്യയെ വിജയത്തിലേക്ക് പിടിച്ചുകയറ്റിയത് ധോനി-ഭുവനേശ്വർ കുമാർ കൂട്ടുകെട്ടിലുയർന്ന 100 റൺസാണ്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറിൽ 230 റൺസാണ് നേടിയത്. സിരിവർദ്ധന(58), കപുഗദേര (40), ഡിക്കവെല്ല (31) എന്നിവരാണ് ഇന്ത്യൻ ബൗളിംഗിനെ ഭേദപ്പെട്ട നിലയിൽ ചെറുത്തുനിന്നത്. പിന്നാലെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച നിലയിലാണ് ബാറ്റ് വീശിയത്.

രോഹിത് (54) ഉം ശിഖർ ധവാൻ (49)ഉം റൺസ് നേടി. എന്നാൽ ഇന്ത്യൻ നിരയിൽ പിന്നീട് വന്ന കെ.എൽ.രാഹുൽ, കേദാർ ജാദവ്, വിരാട് കോഹ്ലി, ഹർദ്ദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർ രണ്ടക്കം കാണാതെ മടങ്ങി. അഖില ധനഞ്ജയയുടെ ബൗളിംഗിന് മുന്നിലാണ് ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞത്. പത്തോവറിൽ 54 റൺസ് വഴങ്ങിയ ധനഞ്ജയ ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

എന്നാൽ ധോനിക്ക്(43) കൂട്ടായി ഭുവനേശ്വർ കുമാർ(53) എത്തിയതോടെ ഇന്ത്യ സാവധാനം സ്കോർ ബോർഡ് ശക്തിപ്പെടുത്തി. ഇരുവരും പുറത്താകാതെ 100 റൺസ് ഇന്ത്യയുടെ സ്കോർകാർഡിൽ എഴുതി ചേർത്തതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് കടക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ