പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 24 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് മത്സരങ്ങളുളള ഏകദിന പരമ്പരയില്‍ ഇന്ത്യ കീവീസിനൊപ്പം എത്തി. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം.
ശിഖര്‍ ധവാന്റെ 68 (84) റണ്‍സ് പ്രകടനവും പുറത്താകാതെ ദിനേഷ് കാര്‍ത്തിക് നേടിയ 64 റണ്‍സും ഇന്ത്യയ്ക്ക് മുതല്‍കൂട്ടായി. നായകന്‍ കോഹ്ലി 29 റണ്‍സെടുത്ത് പുറത്തായി. പാണ്ഡ്യ 30 റണ്‍സെടുത്തു. മഹേന്ദ്രസിംഗ് ധോണി 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
FIFTY! @DineshKarthik brings up his 9th ODI 50 #INDvNZ pic.twitter.com/bXQyj02LrM
— BCCI (@BCCI) October 25, 2017
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 230 റണ്‍സാണ് നേടിയത്. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന്‍റെ തുടക്കം നന്നായില്ല. റണ്‍സ് ഒഴുകുമെന്ന് പ്രവചിച്ചിരുന്ന പിച്ചിൽ ഇന്ത്യൻ പേസർമാരെ നേരിടാൻ കിവീസ് ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടി. സ്കോർ 27-ൽ എത്തിയപ്പോൾ തന്നെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മുണ്‍റോ എന്നിവരും പവലിയനിൽ തിരിച്ചെത്തി. ആദ്യ മത്സരത്തിലെ വിജയശില്പികളായ ടോം ലാതം, റോസ് ടെയ്ലർ എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ടെയ്ലർ 21 റണ്‍സിനും ലാതം 38 റണ്‍സിനും പുറത്തായി.
ഇവർ മടങ്ങിയ ശേഷം വാലറ്റം നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 230-ൽ എത്തിച്ചത്. ഹെൻട്രി നികോൾസ് (42), കോളിൻ ഡി ഗ്രാൻഡ്ഹോം (41) എന്നിവരാണ് കിവീസിനെ കരകയറ്റിയത്. അവാസന ഓവറുകളിൽ ടിം സൗത്തി (25) നടത്തിയ പോരാട്ടം കിവീസിന് മാന്യമായ സ്കോർ സമ്മാനിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.