നാഗ്‌പൂർ: ഓസീസിനെതിരെ അഞ്ചാം ഏകദിനത്തിലും വിജയിച്ച ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കി. അഢ്ചാം ഏകദിനത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സെഞ്ചുറി നേടിയ രോഹിത് ശർമ്മ(125)യുടെ ബലത്തിൽ ഇന്ത്യ 43 പന്ത് ബാക്കി നിൽക്കേ വിജയം കണ്ടു.

ഇതോടെ ഐസിസി ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. നേരത്തേ 242 റൺസിൽ ഓസീസിനെ പിടിച്ചുകെട്ടിയിരുന്നു. ആദ്യ രണ്ട് വിക്കറ്റുകളിൽ അജിങ്ക്യ രഹാനെയെയും വിരാട് കോഹ്ലിയെയും കൂട്ടുപിടിച്ച് തിളക്കമാർന്ന ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.

നാലാം ഏകദിനത്തിലേറ്റ തോൽവിക്ക് മറുപടി നൽകും വിധത്തിലാണ് ഇന്ന് ഇന്ത്യ പ്രകടനം കാഴ്ചവച്ചത്. ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ഭുംറയെയും മടക്കിവിളിച്ച ഇന്ത്യ ഓസീസിന് മേൽ കടുത്ത സമ്മർദ്ദമാണ് ഉയർത്തിയത്.

യുസ്വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവും ടീമിൽ ഇടംപിടിച്ചതോടെ ഓസീസ് ബാറ്റിംഗ് നിരയുടെ മുനയൊടിക്കാൻ ഇന്ത്യയ്ക്കായി.

ഓസീസിനെതിരെ അഞ്ചാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടാണ് ആദ്യവിക്കറ്റിൽ രഹാനെയ്ക്ക് ഒപ്പം രോഹിത് ശർമ്മ നേടിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 124 റൺസ് നേടി. രഹാനെ തുടർച്ചയായ നാലാം ഏകദിനത്തിലും അർദ്ധശതകം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ