ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ജയിക്കാൻ 8 റൺസ് മാത്രം ബാക്കി നിൽക്കെ ലങ്കൻ ആരാധകർ മൈതാനത്തേക്ക് കുപ്പികൾ എറിഞ്ഞതോടെ മത്സരം തടസ്സപ്പെടുകയായിരുന്നു. കാണികളെ ഗാലറിയിൽ നിന്ന് പുറത്താക്കിയതിന് ശേഷമാണ് പിന്നീട് മത്സരം തുടർന്നത്. വിജയിക്കാൻ വേണ്ടിയിരുന്ന 8 റൺസ് രോഹിത്തും ധോണിയും പെട്ടെന്ന് എടുത്ത് മത്സരം അവസാനിപ്പിക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത്ത് ശർമ്മയാണ് കളിയിലെ താരം.

ലങ്ക ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ധവാനെയും , വിരാട് കോഹ്‌ലിയേയും നഷ്ടമായി. 5 റൺസ് എടുത്ത ധവാനെ മലിങ്കയും, 3 റൺസ് എടുത്ത കോഹ്‌ലിയെ ഫെർണ്ണാഡോയും മടക്കി. എന്നാൽ ഒരറ്റത്ത് കരുതലോടെ കളിച്ച രോഹിത്ത് ശർമ്മ ഇന്ത്യയുടെ സ്കോർബോർഡ് ചലിപ്പിച്ചു.

എന്നാൽ കഴിഞ്ഞ മത്സരത്തിലെ താരം അഖില ധൻജയ വീണ്ടും ഇന്ത്യൻ മധ്യനിരയെ വിറപ്പിച്ചു. 17 റൺസ് എടുത്ത കെ.എൽ രാഹുലിനേയും, അക്കൗണ്ട് തുറക്കും മുൻപ് കേദാർ ജാദവിനെയും വീഴ്ത്തി ധൻജയ ഇന്ത്യയെ പ്രതിസന്ധിയിലാക്കി.

Also Read: കാണികള്‍ കളി തടസപ്പെടുത്തി, കിട്ടിയ തക്കത്തിൽ മൈതാനത്തിന് നടുവില്‍ കിടന്നുറങ്ങി ധോണി; വീഡിയോ

എന്നാൽ ധോണി ക്രീസിൽ എത്തിയതോടെ കളിമാറി. ഒരറ്റത്ത് ധോണി നങ്കുരമിട്ടതോടെ രോഹിത്ത് ശർമ്മ അടി തുടങ്ങി. ലങ്കൻ ബോളർമാരെ അടിച്ചു പരത്തി രോഹിത്ത് ശർമ്മ മൂന്നക്കം പിന്നിട്ടു. രോഹിത്ത് ശർമ്മ 145 പന്തിൽ നിന്ന് 124 റൺസാണ് നേടിയത്. 16 ബൗണ്ടറിയും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്ങ്സ്. 86 പന്തിന്റെ ധോണിയുടെ സമ്പാദ്യം 67 റൺസാണ്. 4 ബൗണ്ടറികളും 1 സിക്സറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്ങ്സ്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. അർധസെഞ്ചുറി നേടിയ ലഹിരു തിരിമനെയാണ് ലങ്കയെ 200 ൽ കടത്തിയത്. 105 പന്ത് നേരിട്ട തിരിമനെ 80 റൺസാണ് നേടിയത്. 5 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു തിരിമനയുടെ ഇന്നിങ്സ്. 36 റൺസ് എടുത്ത ദിനേഷ് ചന്ദിമലാണ് ലങ്കയുടെ രണ്ടാമത്തെ ടോപ് സ്കോറർ.

കഴിഞ്ഞ ഏകദിനത്തിൽ ശ്രീലങ്കയുടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയായിരുന്നു ഇന്നും ലങ്കയെ തകർത്തത്. 10 ഓവറിൽ 27 റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് ബുംറ പിഴുതത്. 2 മെയിഡിനുകളും ബുംറയുടെ സ്പെല്ലിൽ ഉൾപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ