കൊല്‍ക്കത്ത. മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലൈയില്‍ ഉണ്ടാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ താരങ്ങള്‍ ടീമിലുണ്ടാകില്ല. ഇരുവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാലാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
“ജൂലൈയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനായി ഒരു ശ്രീലങ്കന്‍ പര്യടനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും ഏകദിനവും ട്വന്റി 20 പരമ്പരയുമായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇല്ലാതെയുള്ള ഒരു ടീമായിരിക്കും ശ്രീലങ്കയെ നേരിടുക,” ഗാംഗുലി പിടിഐയോട് വ്യക്തമാക്കി.
സെപ്തംബര്‍ 14-ാം തിയതിയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നത്. ഐപിഎല്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യവും ബിസിസിഐക്ക് മുന്നിലുണ്ട്. ഇംഗ്ലണ്ടിനെതിരായി നിശ്ചിത ഓവര്‍ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ജൂലൈ മാസം പ്രയോജനപ്പെടുത്തുക എന്നതാണ് ശ്രീലങ്കന്‍ പര്യടനത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
ജൂലൈ മാസം ഇന്ത്യന്‍ ടീമിന് പര്യടനങ്ങള്‍ ക്രമീകരിച്ചിട്ടില്ല. നിശ്ചിത ഓവര്‍ മത്സരങ്ങളിലെ ഇന്ത്യയുടെ വജ്രായുധങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും വിശ്രമം നല്‍കുന്നതില്‍ ബിസിസഐ ഒരു ദോഷവും കാണുന്നില്ല. ലെഗ് ബ്രേക്ക് ബോളറുടെ സ്ഥാനത്ത് യുസുവേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, രാഹുൽ തേവാത്തിയ എന്നിവര്‍ക്ക് അവസരം ലഭിക്കാനിടയുണ്ട്.
ചേതൻ സക്കറിയയെ ഇടന്‍ കൈയ്യന്‍ ബോളറായി എത്തിയേക്കും. ദേവദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനം ലഭിച്ചേക്കും. ബാറ്റിങ് നിരയില്‍ പ്രധാനമായും പൃത്വി ഷാ, സൂര്യകുമാര്‍, യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ പ്രതിഭകള്‍ക്കും ശ്രീലങ്കന്‍ പര്യടനം നിര്‍ണായകമാകും.