വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വിജയം ലക്ഷ്യം വച്ച് ഇന്ത്യ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെ. വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാന്‍ വേണ്ടത് 423 റണ്‍സ് കൂടി. 468 റണ്‍സ് വിജയലലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് സ്വന്തമാക്കാനേ സാധിച്ചിട്ടുള്ളൂ
രണ്ട് ദിവസം ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി വിജയം സ്വന്തമാക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 299 റണ്‍സിന്റെ ലീഡുണ്ടായിരുന്നു.
Read Also: തനിക്കെന്താ ഒരു താല്‍പര്യം ഇല്ലേ?; ബുംറയ്ക്ക് ഹാട്രിക് കിട്ടിയത് ഇങ്ങനെ
18 റണ്‍സുമായി ഡാരന്‍ ബ്രാവോയും നാല് റണ്‍സുമായി ബ്രൂക്‌സുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അജിങ്ക്യ രഹാനെ പുറത്താകാതെ 64 റണ്‍സ് നേടിയപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഹനുമാ വിഹാരി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി (പുറത്താകാതെ 53).
Read Also: ‘ഈ ഹാട്രിക്കിന് ഞാന്‍ വിരാടിനോട് കടപ്പെട്ടിരിക്കുന്നു’; ചരിത്രനേട്ടത്തിലും വിനയം വിടാതെ ബുംറ
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 എന്ന കൂറ്റര്‍ സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 117 ല്‍ അവസാനിക്കുകയായിരുന്നു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്.
ആദ്യ ഇന്നിങ്സിൽ 16 ഫോറുകള്‍ അടക്കം 111 റണ്‍സാണ് ഹനുമാന്‍ വിഹാരി ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഇഷാന്ത് ശര്‍മ ഏഴ് ഫോറുകള്‍ അടക്കം 57 റണ്‍സ് നേടി. നായകന്‍ വിരാട് കോഹ്‌ലി (76), ഓപ്പണര്‍ മായാങ്ക് അഗര്‍വാള്‍ (55) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.