ഗയാന: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. വൈകുന്നേരം എഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനാല്‍ രണ്ടാം ഏകദിനത്തില്‍ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇന്ത്യ തയാറാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ടീമിലിടം നേടിയേക്കുമെന്നാണ് സൂചന.

മഴയെ തുടര്‍ന്ന് ആദ്യ ഏകദിനത്തിൽ ഓവര്‍ വെട്ടിച്ചുരുക്കി മത്സരം ആരംഭിച്ചെങ്കിലും പിന്നെയും മഴ കളി മുടക്കി. വെസ്റ്റ് ഇന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 54 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. മഴ വീണ്ടും ശക്തിപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read More: കരീബിയൻ ദ്വീപിലെ ‘കിങ്’ ആകാൻ കോഹ്‌ലി; കാത്തിരിക്കുന്നത് 26 വർഷം പഴക്കമുള്ള റെക്കോർഡ്

മഴയെ തുടര്‍ന്ന് 34 ഓവറാക്കി മത്സരം ചുരുക്കുകയായിരുന്നു. എന്നാല്‍, രണ്ടാമതും മഴയെത്തി മത്സരം തടസപ്പെടുത്തി. ഒന്നര മണിക്കൂറിലേറെ പിന്നെയും മഴ തുടര്‍ന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയര്‍മാര്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഇവിന്‍ ലൂയിസ് (40), ഷായ് ഹോപ്പ് (6) എന്നിവരായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. മറ്റൊരു ഓപ്പണറായ ക്രിസ് ഗെയ്ല്‍ 11 റണ്‍സുമായി പുറത്തായിരുന്നു. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ലോകകപ്പിൽ ഇന്ത്യ സെമിയിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ ഏകദിന പരമ്പരയാണിത്. കരീബിയൻ മണ്ണിലൂടെ ഏകദിന ക്രിക്കറ്റിൽ വീണ്ടും കരുത്ത് കാട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തായ ശിഖർ ധവാൻ ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നു.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്:

രണ്ടാം ഏകദിനം – ഓഗസ്റ്റ് 11 – പോർട്ട് ഓഫ് സ്‌പെയ്ൻ, ട്രിനിഡാട്

മൂന്നാം ഏകദിനം – ഓഗസ്റ്റ് 14 – പോർട്ട് ഓഫ് സ്‌പെയ്ൻ, ട്രിനിഡാട്

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-വിൻഡീസ് ഏകദിന മത്സരങ്ങൾ സോണി പിക്ച്ചേഴ്സ് സ്‌പോർട്സ് നെറ്റ്‌വർക്കിലൂടെ കാണാം. സോണി ലൈവിലൂടെ മത്സരം വീക്ഷിക്കാവുന്നതാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ത്യ : വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, നവ്‌ദീപ് സൈനി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook