കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിനായി കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായതോടെ ഏകദിനത്തിന് സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന് ജിസിഡിഎ ചെയർമാൻ സി.എൻ.മോഹനൻ വ്യക്തമാക്കി.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചിയിൽ നടത്താൻ കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനമായത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു മൽസരം.

അതേസമയം, തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). 30 വർഷത്തേക്ക് പാട്ടത്തിന് എടുക്കുകയും 10 കോടി രൂപ നവീകരണത്തിനായി ചെലവഴിക്കുകയും ചെയ്ത കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കാനുളള അവകാശമുണ്ടെന്നാണ് കെസിഎയുടെ വാദം. മൽസരത്തിനെതിരായ പ്രതിഷേധം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. ക്രിക്കറ്റ് പിച്ച് നശിപ്പിച്ചാണ് കൊച്ചിയിൽ ലോകകപ്പ് നടത്തിയത്. അണ്ടർ-17 ഫുട്ബോൾ ലോകകപ്പിനെ കെസിഎ എതിർത്തിരുന്നില്ല. കൊച്ചിയും കേരളത്തിൽ അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മൽസരത്തിന് തിരുവനന്തപുരം വേദിയായേക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മൽസരം നടത്തുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്ന് കായികമന്ത്രി എ.സി.മൊയ്തീൻ. തർക്കങ്ങളില്ലാതെ മൽസരം നടത്താനാണ് സർക്കാർ ശ്രമം. കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

രാജ്യാന്തര ഫുട്ബോൾ സംഘടനയുടെ മേൽനോട്ടത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നത് ഒഴിവാക്കണമെന്നാണ് ഫുട്ബോൾ താരങ്ങളും ആരാധകരും ആവശ്യപ്പെടുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്ത് സ്റ്റേഡിയം ഉളളപ്പോൾ അവിടെ ക്രിക്കറ്റ് മൽസരം നടത്താതെ എന്തിനാണ് കൊച്ചിയിൽ നടത്തുന്നതെന്നാണ് ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നത്.

ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ഐ.എം.വിജയനും സി.വി.പാപ്പച്ചനും ആവശ്യപ്പെട്ടിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും ഇന്നലെ കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ