മുംബൈ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മുംബൈയിൽ അരങ്ങേറും. മുംബൈയിലെ ബ്രബൺ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് പോരാട്ടം. നിലവിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ മത്സരം ഇരുടീമുകൾക്കും ഒരുപോലെ നിർണ്ണായകമാണ്.

ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് ശേഷം ഏകദിനത്തിൽ ശക്തമായ തിരിച്ചുവരവാണ് വിൻഡീസ് നടത്തിയിരിക്കുന്നത്. ഗുവഹത്തി ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും വിശാഖപട്ടണത്ത് സമനിലയും പുണെയിൽ 43 റൺസിന്റെ വിജയവും നേടി ആഥിധേയർക്ക് വെല്ലുവിളി ഉയർത്താൻ വിൻഡീസിന് സാധിച്ചു.

കഴിഞ്ഞ മത്സരങ്ങളിലെ പോലെ ഓൾറൗണ്ട് പ്രകടനം ആവർത്തിച്ചാൽ ഇന്നും വിൻഡീസിന് അനായാസമായി ഇന്ത്യയെ കീഴ്പ്പെടുത്താനാകും. തകർപ്പൻ അടികളുമായി ക്രീസിൽ നിലയുറപ്പിക്കുന്ന ഹിറ്റ്മയറിലും ഹോപ്പിലുമാണ് വിൻഡീസ് പ്രതീക്ഷകൾ. മധ്യനിരയിൽ നായകൻ ഹോൾഡറും നഴ്സും താളം കണ്ടെത്തിയാൽ വിൻഡീസിന് സ്കോറിങ് ബുദ്ധിമുട്ടാകില്ല. ബോളിങ്ങിലും വിൻഡീസ് ആശ്രയിക്കുക ഹോൾഡറെ തന്നെ. ഒപ്പം റോച്ചും മക്കോയിയും ചേരുന്നതോടെ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളിയാകും.

മറുവശത്ത് ഇന്ത്യൻ നിരയും ശക്തമാണ്. നായകൻ കോഹ്‍ലി മിന്നും ഫോമിലാണ്. മധ്യനിരക്ക്കൂടി റൺസ് നേടാൻ സാധിച്ചാൽ ഇന്ത്യക്ക് മികച്ച സ്കോർ കണ്ടെത്താൻ സാധിക്കും. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംമ്രയും മടങ്ങിയെത്തിയതോടെ ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ചയും വർദ്ധിച്ചിട്ടുണ്ട്. അവസാന ഓവറുകളിൽ റൺസ് വിട്ടു നൽകുന്ന പതിവ് ഒഴിവാക്കുകയും വേണം.

അതേസമയം കേദാർ ജാദവ് ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. നിർണ്ണായക ഘട്ടങ്ങളിൽ പന്തെറിയാൻ സാധിക്കുന്ന താരമാണ് കേദാർ ജാദവ്. അങ്ങനെയെങ്കിൽ അഞ്ച് ബോളർമാരുമായി ഇറങ്ങുന്ന ഇന്ത്യ അന്തിമ ഇലവനിൽ കേദാറിനും അവസരം നൽകിയേക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ