ചെന്നൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈയിലാണ് ആദ്യ മത്സരം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കനത്ത മഴ പെയ്തിരുന്നു. മഴ മത്സരം തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് ആദ്യ ഏകദിന മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യന്‍ ടീം. വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നില്ല. അതേസമയം, ടി20 പരമ്പരയ്ക്ക് മറുപടി നല്‍കാനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ന് കളത്തിലിറങ്ങുന്നത്.
Read Also: സച്ചിനെ സഹായിക്കാമോ?; ക്രിക്കറ്റ് കരിയറിലെ നിർണായക മാറ്റത്തിനു കാരണമായ വ്യക്തിയെ തേടി ഇതിഹാസം
വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് ആര് കളിക്കുമെന്നതാണ് ഇപ്പോഴത്തെ സംശയം. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. നാലാം നമ്പറില്‍ അനുയോജ്യനായ താരം ശ്രേയസ് അയ്യര്‍ ആണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് അനില്‍ കുംബ്ലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിന് ഏകദിന പരമ്പര നിര്‍ണായകമാണ്.
പരുക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഏകദിന പരമ്പരയില്‍ കളിച്ചേക്കില്ല. സ്പിന്നര്‍മാരായ ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രോഹിത് ശര്‍മയും കെ.എല്‍.രാഹുലുമായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.