മുംബൈ: വനിതകളുടെ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 203 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.4 ഓവറിൽ  202 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മധ്യനിരയുടെ തകർച്ചയാണ് ഇന്ത്യൻ സ്കോർ കുറയാൻ കാരണം. മധ്യനിരയിൽ നായിക മിതാലി രാജിനല്ലാതെ മറ്റാർക്കും തിളങ്ങാനായില്ല.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ജെമിമ റോഡ്രിഗസും സ്‌മൃതി മന്ദാനയും ചേർന്ന് നൽകിയത്. സ്കോർ 69ൽ നിൽക്കെ 24 റൺസുമായി മന്ദാന മടങ്ങിയതിന് പിന്നാലെ അർധ സെഞ്ചുറിയ്ക്ക് അരികിൽ ജെമിമയും വീണു. 58 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയുൾപ്പടെ 48 റൺസാണ് ജെമിമ നേടിയത്. ഇതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. മധ്യ നിര പൂർണമായും തകർന്നു.

എന്നാൽ മിതാലി രാജ് ഒരറ്റത്ത് മികച്ച ചെറുത്തുനിൽപ്പ് നടത്തിയതോടെ ഇന്ത്യ പതിയെ സ്കോർ ചലിപ്പിച്ചു. താനിയ ഭാട്ടിയായും ജൂലൻ ഗോസ്വാമിയും പൊരുതി നോക്കിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 74 പന്തിൽ നിന്ന് 44 റൺസ് നേടി മിതാലിയും മടങ്ങിയതോടെ ഇന്ത്യ ചെറിയ സ്കോറിലേയ്ക്ക് ചുരുങ്ങി. അവസാന മൂന്ന് ഓവറുകളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ട് 202 റൺസിന് ഇന്ത്യയെ പുറത്താക്കുകയായിരുന്നു.

മുംബൈ വാങ്കടെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ജോർജിയ എൽവിസ്, നഥാലി, സോഫി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ഇന്ത്യൻ താരങ്ങൾ റൺ ഔട്ടിലൂടെയാണ് പുറത്തായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook