വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിനുള്ള ടീമിനെ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചപ്പോള്‍ ലോകകപ്പ് ഹീറോയായ രോഹിത് ശര്‍മ്മയുടെ പേര് കാണാതെ വന്നതോടെ ആരാധകര്‍ തെല്ലൊന്ന് അമ്പരന്നു. നിശ്ചിത ഓവറില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാന താരങ്ങളിലൊരാളായ രോഹിത്തിന് ടെസ്റ്റ് പലപ്പോഴും ഭാഗ്യം കൊണ്ടു വന്നിട്ടില്ല. എന്നാല്‍ ഇത്തവണ രോഹിത്തിന് ഇന്ത്യ അവസരം നല്‍കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

രോഹിത്തിന് പകരം വിരാട് കോഹ്‌ലി ടീമിലെടുത്തത് ഹനുമ വിഹാരിയെയായിരുന്നു. തീരുമാനം ശരിവയ്ക്കുന്നതായിരുന്നു വിഹാരിയുടെ പ്രകടനവും. താരം ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം ഇന്നിങ്‌സിൽ 93 റണ്‍സിലെത്തി. ആ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട്.

ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ താന്‍ അറിയുന്നുണ്ടെന്നും എന്നാല്‍ താരങ്ങളെ ഒഴിവാക്കുന്നതും ടീമില്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം ടീം എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണെന്നും കോഹ്‌ലി പറഞ്ഞു.

Read More: അഭിപ്രായങ്ങൾ പലതും കാണും, പക്ഷെ ടീമിന്റെ താൽപര്യത്തിനാണ് പ്രാമുഖ്യം നൽകുന്നത്: വിരാട് കോഹ്‌ലി

”കോമ്പിനേഷന്‍ വളരെ പ്രധാനപ്പെട്ടതായത് കൊണ്ടാണ് വിഹാരിയെ തിരഞ്ഞെടുത്തത്. ബാറ്റ് ചെയ്യാനും പാര്‍ട്ട് ടൈം ബോളറായും വിഹാരിയെ ഉള്‍പ്പെടുത്താനാകും. ഞങ്ങള്‍ ചര്‍ച്ചയിലൂടെയാണ് ടീം തിരഞ്ഞെടുക്കുന്നത്. പ്ലേയിങ് ഇലവനെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുമെന്ന് അറിയാം. പക്ഷെ ടീമാണ് വലുതെന്ന് എല്ലാവര്‍ക്കും അറിയാം” വിരാട് പറഞ്ഞു.

”തീരുമാനം എടുക്കുന്നത് ഞാനാണ്. പക്ഷെ നടപ്പിലാക്കുന്നത് കൈ ഉയര്‍ത്തുന്ന ആളുകളാണ്. എല്ലാവരുടേയും തീരുമാനങ്ങള്‍ക്ക് വിലയുണ്ട്. അതാണ് ഞങ്ങളുടെ വിജയം. ഒന്നില്‍ കൂടുതല്‍ രീതിയില്‍ ടീമിനെ സഹായിക്കാന്‍ കഴിയുന്നുവെന്നത് അനുഗ്രഹമാണ്. ടീമില്‍ നിന്നും ക്രെഡിറ്റ് എടുത്ത് മാറ്റാന്‍ സാധിക്കില്ല” വിരാട് കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook