കാര്യവട്ടം: ബംഗ്ലാദേശിനെതിരായ ആധികാരിക ജയത്തിന് ശേഷം സ്വന്തം മണ്ണിൽ വെസ്റ്റ് ഇൻഡീസിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളുമാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കുന്നത്. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൾഡ് സ്റ്റേഡിയമാണ്. ഒരിക്കൽ കൂടി രാജ്യാന്തര മത്സരത്തിന് വേദിയാകാൻ കാര്യവട്ടം ഒരുങ്ങികഴിഞ്ഞു.
ഒരു വർഷത്തിന് ശേഷമാണ് വീണ്ടും ഒരു രാജ്യാന്തര മത്സരം കേരളത്തിലേക്ക് എത്തുന്നത്. മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് ഏറ്റവും അടുത്ത് ഒരു രാജ്യാന്തര മത്സരം കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇരട്ടി മധുരം നൽകുന്ന മറ്റൊരു വാർത്ത സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ഭാഗമാണെന്നതാണ്. ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമ്പോൾ നീലകുപ്പായത്തിൽ ജന്മനാട്ടിൽ തന്നെ സഞ്ജുവിനെ കാണാൻ മലയാളികൾക്കാകും.
Also Read: ധോണി ടി-20 ലോകകപ്പില്‍ കളിക്കുമോ?; ഉത്തരവുമായി ഗാംഗുലി
ഡിസംബർ എട്ടിനാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടീമുകൾ നേർക്കുനേർ വരുന്നത്. മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ്. 70 ശതമാനത്തിലധികം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു കഴിഞ്ഞു. നവംബർ 28 രാത്രി 7.30ന് ആരംഭിച്ച ടിക്കറ്റ് വിൽപ്പനയിൽ ആദ്യ 24 മണിക്കൂറിൽ തന്നെ 48 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകളുടെ വില്‍പ്പന. കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് (www.insider.in, paytm.com, keralacricketassociation.com) എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ജിഎസ്ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ഈ തുക. ഒരാള്‍ക്ക് ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പരില്‍ നിന്നും ആറു ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.
Also Read: അന്നു ഞാൻ വയറുനിറയെ കഴിച്ചു; ആ ദിനമോർത്ത് വിരാട് കോഹ്‌ലി
വിദ്യാര്‍ഥികള്‍ക്കായി 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപ നിരക്കില്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡ് നല്‍കുകയും ഇതേ ഐഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. മറ്റുള്ളവര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഒരു ഐഡികാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കണം. മത്സരത്തിനായുള്ള ടിക്കറ്റുകള്‍ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.