രാജ്‌കോട്ട്: ഇന്നിങസിനും 271 റണ്‍സും ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ പമ്പരയില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപാണ് രണ്ടാം ഇന്നിങ്‌സിലെ താരം. കളി തീരാന്‍ രണ്ട് ദിവസം ഇനിയും ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയുടെ വിജയം.

ഈ വിജയത്തോടെ ഇന്ത്യ ചരിത്രമാണ് കുറിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് വിന്‍ഡീസിനെതിരെ നേടിയിരിക്കുന്നത്. ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം അഫ്ഗാന് എതിരെ നേടിയ വിജയത്തിനായിരുന്നു. 262 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അതേസമയം, ആദ്യ എട്ട് ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് ജയം ശ്രീലങ്കയ്‌ക്കെതിരായ 239 റണ്‍സിന്റെ വിജയമായിരുന്നു.

ഇന്ത്യയുടെ സ്വന്തം നാട്ടിലുള്ള നൂറാം വിജയം എന്ന പ്രത്യേകതയും ഇന്നത്തെ ജയത്തിനുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന ടീമാണ് ഇന്ത്യ.

പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിന്റീസ് ആദ്യ ഇന്നിങ്‌സില്‍ 181 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിനും പുറത്തായി. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് വിജയിച്ചത്.

ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ വിന്റീസിന് വേണ്ടി കീറണ്‍ പവലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് നിന്ന പവല്‍ 93 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും അടക്കം 83 റണ്‍സ് നേടി. എന്നാല്‍ മറുഭാഗത്ത് 20 റണ്‍സെങ്കിലും നേടിയത് ഒരൊറ്റ താരമാണ്. റോസ്റ്റണ്‍ ചേസായിരുന്നു ഇത്.

കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്റീസിനെ തകര്‍ത്തുവിട്ടത്. അഞ്ച് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ബോളിങില്‍ മികച്ച് നിന്നത്.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രത്ത്വെയ്റ്റ് (10), ഷായി ഹോപ് (17), ഷിംറോണ്‍ ഹിറ്റ്മെയര്‍ (11), കീമോ പോള്‍ (15) എന്നിവര്‍ രണ്ടക്കം കടന്നു. എന്നാല്‍ സുനില്‍ അംബ്രിസ് പൂജ്യത്തിനും ദേവേന്ദ്ര ബിഷു ഒന്‍പത് റണ്‍സിനും പുറത്തായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ