ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിനെ 311 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങിൽ രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 308/4 എന്ന നിലയിലാണ്. 6 വിക്കറ്റുകൾ കൈയ്യിലിരിക്കേ,വിൻഡീസ് ഉയർത്തിയ സ്കോർ മറികടക്കാൻ ഇന്ത്യക്ക് കേവലം 4 റൺസ് മാത്രം മതി. അർദ്ധസെഞ്ചുറി നേടി ഋഷഭ് പന്തും അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

85 റൺസുമായി പുറത്താകാതെ നിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനറെയും 75 റൺസെടുത്ത അജിങ്ക്യ രഹാനെയും മികവിലാണ് ഇന്ത്യൻ മുന്നേറ്റം. നേരത്തെ 70 റൺസെടുത്ത് പുറത്തായ പ്രിഥ്വി ഷായും 45 റൺസിൽ പുറത്തായ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചിരുന്നു.

രണ്ടാംദിനം ഏഴ് വിക്കറ്റിന് 295 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച വിൻഡീസ് ടീം സ്കോർ 311 റൺസിലെത്തിയപ്പോൾ എല്ലാവരും പുറത്താകുകയായിരുന്നു. സെഞ്ചുറി നേടിയ ചേസിനറെയും അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹൊൾഡറുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ വിൻഡീസ് മികച്ച സ്കോറിലെത്തിയത്.

കഴിഞ്ഞ മത്സരത്തിലെന്ന പോലെ വെടികെട്ട് ബാറ്റിങാണ് യുവതാരം പൃഥ്വി ഷാ ഹൈദരാബാദിലും പുറത്തെടുത്തത്. ഷാനോൺ ഗബ്രിയേൽ എറിഞ്ഞ ആദ്യ ഓവറിൽ 15 റൺസാണ് ഇന്ത്യ നേടിയത്‌. എന്നാൽ അധികം വൈകാതെ 4 റൺസെടുത്ത ഓപ്പണർ കെ.എൽ രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ രാഹുലിനായിരുന്നില്ല.

അതേസമയം ആദ്യ ടെസ്റ്റിൽ അർദ്ധസെഞ്ചുറി നേടിയ പുജാരയ്ക്ക് ഇത്തവണ പക്ഷേ കാര്യമായ സംഭാവന നൽകാനായില്ല. 10 റൺസ് മാത്രമെടുത്ത താരം, ഷാനോൺ ഗബ്രിയേൽ പുറത്താക്കുകയായിരുന്നു. കോഹ്‍ലിയും ഷായും നന്നായി ബാറ്റ് വീശിയെങ്കിലും അധികം വൈകാതെ ക്രീസ് വിട്ടു. എന്നാൽ പിന്നിടെത്തിയ പന്തും രഹാനെയും ക്രീസിൽ ഉറച്ച് നിന്നതോടെ ഇന്ത്യൻ സ്കോർ ഉയർന്നു.

53 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളും, 1 സിക്സറുമടക്കം 70 റൺസ് നേടിയ ശേഷമാണ് പൃഥ്വി ഷാ പുറത്തായത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി 45 റൺസുമെടുത്തു. ഇന്ത്യക്കായി ഉമേഷ് യാദവ് ആറ് വിക്കറ്റുകൾ വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ