ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇന്റീസിന് ബാറ്റിങ് തകർച്ച. ടീം സ്കോർ മൂന്നക്കം കടക്കും മുൻപ് ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായ വിന്റീസിനെ ചേസും ഹോൾഡറും നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തിട്ടുണ്ട്.

സെഞ്ചുറിക്ക് തൊട്ടരികിൽ 98 റൺസുമായി റോസ്റ്റൻ ചേസും രണ്ട് റൺസുമായി ദേബേന്ദ്ര ബിഷുവുമാണ് ക്രീസിൽ.

ഹൈദരാബാദിൽ നടക്കുന്ന ടെസ്റ്റിൽ, ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടീം സ്കോർ 32 റൺസ് എത്തിയപ്പോഴേക്കും ഓപ്പണർ കീറൺ പവൽ പുറത്തായി. സ്കോർ മൂന്നക്കം കടക്കുന്നതിന് മുമ്പ് നാല് മുൻനിര ബാറ്റ്സ്മൻമാരേയും വിൻഡീസിന് നഷ്ടമായി.

പിന്നാലെ എത്തിയ ചേസും ക്യാപ്റ്റൻ ഹോൾഡറും വിൻഡീസ് സ്കോർഡ് ചലിപ്പിച്ചുകൊണ്ടെയിരുന്നു. ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ചേസിനും ഹോൾഡറിനും മാത്രമേ വിൻഡീസ് നിരയിൽ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അർദ്ധസെഞ്ചുറി നേടിയ ഹോൾഡറുടെ (52) വിക്കറ്റാണ് ആദ്യദിനം വിൻഡീസിന് അവസാനം നഷ്ടമായത്.

ഇന്ത്യക്കായി ഉമേഷ് യാദവും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രവിചന്ദ്രൻ അശ്വിന് ഒരു വിക്കറ്റും നേടി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബോളർ ശാർദുൽ ഠാക്കർ പരുക്കേറ്റ് പുറത്തായി. തന്റെ രണ്ടാം ഓവറിനിടെ ശാർദുലിന്റെ കാലിന് പരുക്കേൽക്കുകയായിരുന്നു. 1.4 ഓവർ എറിഞ്ഞ ശാർദുൽ ഓവർ പൂർത്തിയാക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അശ്വിനാണ് പിന്നീട് ഓവർ പൂർത്തിയാക്കിയത്. മുഹമ്മദ് ഷമിക്ക് പകരമായാണ് ശർദുലിനെ ടീമിൽ ഉൾപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ