തിരുവനന്തപുരം: വിൻഡീസിനെതിരെ തുടർച്ചയായ എട്ടാം ടി20 ജയമെന്ന ലക്ഷ്യവുമായാണ് വിരാട് കോഹ്‌ലിയും സംഘവും കാര്യവട്ടത്ത് ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയതും കഴിഞ്ഞ മത്സരത്തിലിറങ്ങിയ വിജയ ടീമിനെ നിലനിർത്തിയതും പരമ്പര നേട്ടം മുന്നിൽ കണ്ടു തന്നെ. എന്നാൽ ഗ്യാലറി തിങ്ങിനിറഞ്ഞ ആരാധകരെയും ഇന്ത്യൻ ടീമിനെയും നിരാശരാക്കി വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് വിജയവുമായി പരമ്പരയിൽ ഒപ്പമെത്തി, ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനവും.

ടോസ് മുതൽ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ വിപരീതമായപ്പോൾ മത്സരഫലവും എതിരായി. തകർന്നടിഞ്ഞ മധ്യനിരയും തല്ലുവാങ്ങിയ ബോളർമാരും മിസ്ഫീൾഡുമെല്ലാം തോൽവിക്ക് കാരണമായി. ഇത്തരത്തിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച വസ്തുതകൾ ഏതൊക്കെയെന്ന് നോക്കാം.

Also Read: കാര്യവട്ടത്ത് ‘വട്ടംകറങ്ങി’ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം

ടോസ്: ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നതാണ് ഇന്ത്യൻ തോൽവിയിലെ പ്രധാന കാരണങ്ങളിൽ ഒന്ന്. മഞ്ഞിന്റെ സാന്നിധ്യവും ബൗൺസ് കുറവുമുള്ള പിച്ചിലും രണ്ടാമത് പന്തെറിയുക ദുഷ്കരമാണ്. ഇത് നന്നായി അറിയാമായിരുന്ന പൊള്ളാർഡ് ആദ്യം തന്നെ ബോളിങ് തിരഞ്ഞെടുക്കുകയും ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയും ചെയ്തു. ടോസ് അനുകൂലമായത് മുതലാക്കാൻ വിൻഡീസ് സംഘത്തിനായി.

ഒടിഞ്ഞുവീണ ഓപ്പണിങ്: തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ രോഹിത് ശർമ റൺസ് കണ്ടെത്തുന്നതിലും ക്രീസിൽ നിലയുറപ്പിക്കുന്നതിലും പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യയെ കൈപിടിച്ചുയർത്തിയ രാഹുലിനും കാര്യവട്ടത്ത് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ആദ്യ ഏഴ് ഓവറിൽ 45 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

Also Read: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ

കളിമറന്ന മധ്യനിര: സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പരിലിറങ്ങിയ ശിവം ദുബെ ഇന്ത്യയെ രക്ഷിച്ചെങ്കിലും നായകൻ വിരാട് കോഹ്‌ലി അടക്കമുള്ള മധ്യനിര താരങ്ങൾ കൂറ്റൻ അടികൾക്ക് മുതിരാതിരിക്കുകയും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെയാണ് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞത്. ശിവം ദുബെ പുറത്തായതിന് പിന്നാലെ അവസാന പത്തു ഓവറിൽ ഇന്ത്യ നേടിയത് 73 റൺസ് മാത്രമാണ്. ഇതോടെ വലിയ വിജയലക്ഷ്യമെന്ന ഇന്ത്യൻ പ്രതീക്ഷകൾ അസ്ഥാനത്തായി.

മിസ് ഫീൾഡിങ്: തകർപ്പനടികളുമായി വിൻഡീസിനെ വിജയത്തിലേക്ക് നയിച്ച ലെൻഡിൽ സിമ്മൻസിനെ പുറത്താക്കാൻ ലഭിച്ച രണ്ടു അവസരമാണ് ഇന്ത്യ പാഴാക്കിയത്. ഇതിന് മത്സരം തന്നെ പകരം നൽകേണ്ടി വന്നു ഇന്ത്യയ്ക്ക്. വാഷിങ്ടൺ സുന്ദറും ശ്രേയസ് അയ്യരുമാണ് സിമ്മൻസിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്.

Also Read: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

ഹൈദരാബാദിലെ തോല്‍വിക്ക് കാര്യവട്ടത്ത് പലിശ സഹിതം പകരംവീട്ടി കരീബിയന്‍ കരുത്ത്. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ ടി20 യില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചത്. കാര്യവട്ടത്ത് നടന്ന രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റണ്‍സാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook