തിരുവനന്തപുരം: മൂന്നാം രാജ്യാന്തര മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൾഡ് സ്റ്റേഡിയം ഒരുങ്ങികഴിഞ്ഞു. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരമാണ് നാളെ കാര്യവട്ടത്ത് നടക്കുന്നത്. മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകീട്ട് 5.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

ടീമുകളെ കെസിഎ ഒഫീഷ്യല്‍സും ക്രിക്കറ്റ് ആരാധകരും ചേർന്നു സ്വീകരിക്കും. അവിടെനിന്നും താരങ്ങൾ പ്രത്യേക ബസുകളില്‍ ഹോട്ടലിലേക്ക് പോകും. ഇരു ടീമുകള്‍ക്കും ഇന്ന് പരിശീലന സെഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് ഹോട്ടലിൽ വിശ്രമിക്കുന്ന താരങ്ങൾ മത്സരദിവസം നേരിട്ട് മൈതാനത്തേക്ക് എത്തും.

Also Read: കോഹ്‌ലിയെ കളിയാക്കാൻ നിൽക്കേണ്ട, കളി കാര്യമാകും; വിൻഡീസിന് മുന്നറിയിപ്പുമായി അമിതാഭ് ബച്ചൻ

മത്സരത്തിനായി കാണികള്‍ക്ക് വൈകീട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തെ പ്രവേശനം നൽകാനും സാധ്യതയുണ്ട്.

Also Read: ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കുവേണ്ടി കളിക്കാന്‍ എന്നെ കിട്ടില്ല, ലക്ഷ്യം വേറെയാണ്: വിരാട് കോഹ്‌ലി

സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തി കഴിഞ്ഞു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ പരമ്പരയില്‍ സഞ്ജു സാംസണ്‍ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ ബിജു അറിയിച്ചു. മഴപെയ്താൽ പിച്ചും ഗ്രൗണ്ടും നനയാതിരിക്കാനുള്ള സൗകര്യങ്ങളും സജ്ജമാണ്.

Also Read: കളി എന്നോട് വേണ്ട വില്യംസ്; പക വീട്ടാനുള്ളതാണ്, വൈറല്‍ വീഡിയോ

മത്സരത്തിന്റെ സുരക്ഷാ-ഗതാഗത ചുമതലയ്ക്കായി സിറ്റി പൊലിസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിന്റെ 94 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇന്ന് വൈകിട്ട് വരെ കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലിയും സംഘവും മറികടന്നത്. കാര്യവട്ടത്തും വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook