അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരം ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലായിരിക്കും ആതിഥേയര്‍. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. എന്നാല്‍, തിരിച്ചു വരവ് ലക്ഷ്യമാക്കിയായിരിക്കും വെസ്റ്റ് ഇന്‍ഡീസ് കളത്തിലെത്തുക.
ആദ്യ ഏകദിനത്തില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയായിരുന്നു ഇന്ത്യ ജയം പിടിച്ചെടുത്തത്. ടീമിലേക്ക് മടങ്ങിയെത്തിയ യുസ്വേന്ദ്ര ചഹലിന്റെ മികവില്‍ വിന്‍ഡീസിനെ 176 ല്‍ ഒതുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. രണ്ടാം സ്പിന്നറായി ടീമിലെത്തിയ വാഷിങ്ടണ്‍ സുന്ദറാണ് ബോളിങ്ങിലെ മറ്റൊരു കരുത്ത്.
മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയും ഭേദപ്പെട്ട പ്രകടനം ആദ്യ മത്സരത്തില്‍ കാഴ്ച വച്ചിരുന്നു. സിറാജിനൊപ്പം പ്രസീദ് കൃഷ്ണയും ശാര്‍ദൂല്‍ താക്കൂറുമാണ് എത്തുന്നത്. പുതിയ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ മുതിരാനുള്ള സാധ്യത കുറവാണ്. ആവേശ് ഖാനും ദീപക് ചഹറുമാണ് അവസരം കാത്തിരിക്കുന്ന മറ്റ് രണ്ട് പേര്.
ബാറ്റിങ് നിരയിലേക്ക് എത്തിയാല്‍, പരുക്കിനെ അതിജീവിച്ച് തിരിച്ചെത്തിയ നായകന് രോഹിത് ശര്‍മയുടെ സാന്നിധ്യമാണ് കരുത്ത്. ആദ്യ ഏകദിനത്തില്‍ അനായാസം ബാറ്റ് വീശുന്ന രോഹിതിനെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ രോഹിതിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ഇഷാന് കിഷന് കളത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. താളം കണ്ടെത്താന്‍ ഇഷാന് ഏറെ സമയമെടുത്തു.
കോഹ്ലിയുടെ ഫോമും ആശങ്കയാണ്. നാല് പന്തില്‍ എട്ട് റണ്‍സായിരുന്നു ഒന്നാം ഏകദിനത്തില്‍ കോഹ്ലിയുടെ സമ്പാദ്യം. ഒരു തിരിച്ചുവരവ് തന്നെയായിരിക്കും മുന്നായകന് ഇന്ന് ലക്ഷ്യമിടുക. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ ത്രയം മധ്യനിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായേക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
Also Read: ക്വാറന്റൈൻ കഴിഞ്ഞു; രണ്ടാം ഏകദിനത്തിന് മുൻപ് പരിശീലനത്തിനെത്തി രാഹുലും മായങ്കും