വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഏകദിനത്തില്‍ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമിലും സ്ഥിര സാന്നിധ്യമാക്കണമെന്ന് മുന്‍ നായകന് സൗരവ്വ് ഗാംഗുലി. ഏകദിന-ടി20 പരമ്പരകളില്‍ രോഹിത്തുണ്ടായിരുന്നു. ലോകകപ്പിലെ ടോപ് സ്കോററും രോഹിത്തായിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ഇപ്പോഴും ടീമിന്റെ വിശ്വാസം നേടിയിട്ടില്ല.
രോഹിത്തിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്താം എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഗാംഗുലി. രോഹിത്തിനേയും രഹാനെയും ചൊല്ലിയാണ് ഈ ചോദ്യം ഉയര്‍ന്നു വരുന്നത്. ഇതിന് ഒരു മാധ്യമത്തിലെഴുതിയ തന്റെ കോളത്തില്‍ ഗാംഗുലി നല്കുന്ന മറുപടി ഇങ്ങനെയാണ്.
Read More: കരീബിയൻ ദ്വീപിൽ വിജയ കുതിപ്പ് തുടരാൻ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
”പ്രധാന തീരുമാനം രോഹിത്തിനെയാണോ രഹാനെയാണോ കളിപ്പിക്കേണ്ടത് എന്നതാണ്. ലോകകപ്പില്‍ രോഹിത് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷെ ദക്ഷിണാഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ടെസ്റ്റില്‍ രോഹിത് ഫോമിലല്ലായിരുന്നു. രഹാനെ ഓസ്ട്രേലിയയില്‍ നന്നായി കളിച്ചില്ല. എന്റെ നിര്‍ദ്ദേശം രോഹിത്തിനെ ലോകകപ്പിലെ പ്രകടനം കണക്കിലെടുത്ത് കളിപ്പിക്കണമെന്നാണ്”.
”രോഹിത്തിനെ ഓപ്പണിങ്ങില്‍ തന്നെ കളിപ്പിക്കണം. രഹാനെയെ മധ്യനിരയില്‍ കളിപ്പിക്കുന്നതാകും നല്ലത്” രഹാനെയ്ക്ക് മധ്യനിരയില്‍ കൂടുതല്‍ സ്ഥിരത കൊണ്ടു വരാനാകുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു ആശങ്ക വിക്കറ്റ് കീപ്പര്‍മാരായ വൃഥിമാന്‍ സാഹ, ഋഷഭ് പന്ത് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനാണ്. ഇതില്‍ പന്തിനെയാണ് ഗാംഗുലി നിര്‍ദ്ദേശിക്കുന്നത്.