ഗുവാഹത്തി: വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി റിഷഭ് പന്തുമുണ്ട്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതോടെ വിന്‍ഡീസിനെ ചെറിയ സ്‌കോറിലൊതുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

അരങ്ങേറ്റം കുറിക്കുന്ന റിഷഭ് പന്ത് ടീമിലെ സീനിയര്‍ താരം എംഎസ് ധോണിയില്‍ നിന്നുമാണ് ക്യാപ്പ് ഏറ്റുവാങ്ങിയത്. വിക്കറ്റ് കീപ്പര്‍കൂടിയായ പന്ത്, ധോണി കീപ്പിങ് ചെയ്യുന്നതിനാല്‍ ഫീല്‍ഡ് ചെയ്യും. വെടിക്കെട്ട് ബാറ്റിങിലൂടെ അരങ്ങേറ്റം ഗംഭീരമാക്കാനാണ് പന്തിന്റെ ലക്ഷ്യം. ധോണിയ്ക്ക് ശേഷം ആരെന്ന് ചോദ്യത്തിന് പലരും പറയുന്ന ഉത്തരമാണ് റിഷഭ് പന്ത് അതുകൊണ്ട് തന്നെ ആ വിശ്വാസം കാക്കേണ്ട ഉത്തരവാദിത്വവും യുവതാരത്തിനുണ്ട്.

വിന്‍ഡീസിനായി ഒഷാനെ തോമസും ചന്ദ്രപോള്‍ ഹേംരാജും ഇന്ന് അരങ്ങേറ്റം കുറിക്കുന്നുണ്ട്.മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. പേസര്‍ ഖലീല്‍ അഹമ്മദിന് അവസരം നല്‍കിയപ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആദ്യ മത്സരത്തിനുള്ള ആദ്യ ഇലവനിലില്ല. ഉമേഷ് യാദവും ഷമിയുമാണ് മറ്റ് രണ്ട് പേസര്‍മാര്‍. ചാഹലും ജഡേജയുമാണ് സ്പിന്നര്‍മാര്‍. രോഹിത്- ധവാന്‍ സഖ്യം ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. കോലി, റായ്ഡു, ധോണി, പന്ത് എന്നിവരാണ് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

അതേസമയം, ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സാമുവല്‍സിന്റെ വിക്കറ്റാണ് ഒടുവിലായി നഷ്ടമായത്. 86-3 എന്ന നിലയിലാണ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിന്‍ഡീസ്. അര്‍ധ സെഞ്ച്വറി നേടിയ കീറണ്‍ പവലും പുറത്തായതോടെ വിന്‍ഡീസിന് നില പരുങ്ങലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook