വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് എ ടീമുമായുള്ള ഇന്ത്യയുടെ മത്സരം സമനിലയിൽ അവസാനിച്ചു. നിർണായക ഘട്ടത്തിൽ തിളങ്ങിയ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെയുടെയും ഹനുമ വിഹാരിയുടെയും ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും സെഞ്ചുറി കണ്ടെത്താൻ സാധിക്കാത്ത രഹാനെ ആദ്യ ഇന്നിങ്സിലും പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ക്രീസിൽ നിലയുറപ്പിച്ച് കളിച്ച അജിങ്ക്യ രഹാനെ 162 പന്തിൽ നിന്നും 54 റൺസെടുത്ത് പുറത്താവുകയായിരുന്നു. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നതും രഹാനെയാണ്. മൂന്നാമനായി ഇറങ്ങിയ ഹനുമ വിഹാരിയും അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങി. 125 പന്തിൽ 64 റൺസാണ് വിഹാരി സ്വന്തമാക്കിയത്.

Also Read: സഞ്ജു സാംസൺ ഇന്ത്യ എ ടീമിൽ

നേരത്തെ ചേതേശ്വർ പൂജാരയുടെ സെഞ്ചുറിയുടെയും രോഹിത് ശർമ്മയുടെ അർധ സെഞ്ചുറിയുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 297 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് ഇന്നിങ്സ് 181 റൺസിൽ അവസാനിച്ചു. 116 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 188 റൺസിൽ ഡിക്ലയർ ചെയ്തു.

ഓഗസ്റ്റ് 22നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കും തുടക്കമാകും. നേരത്തെ ഏകദിന ടി20 മത്സരങ്ങൾ സ്വന്തമാക്കിയ ഇന്ത്യ കരീബിയൻ മണ്ണിലെ പൂർണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook