നായകന് പിന്നാലെ നൂറ് കടന്ന് ഉപനായകനും സെഞ്ച്വറി നേടിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. വിരാട് കോഹ്ലി സെഞ്ച്വറി നേടിയതിന് പിന്നാലെ രോഹിത്തും സെഞ്ച്വറി നേടുകയായിരുന്നു. 87 പന്തില്‍ നിന്നും 107 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

അതേസമയം, ഇതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലി പുറത്തായി. ബിഷുവിന്റെ പന്തില്‍ ഹോപ്പിന്റെ സ്റ്റമ്പിങിലാണ് വിരാട് പുറത്തായത്. 107 പന്തില്‍ നിന്നും 140 റണ്‍സുമായാണ് വിരാട് പുറത്തായത്. ഇന്ത്യ 256 റണ്‍സെടുത്തിട്ടുണ്ട്.

തന്റെ 36ാം ഏകദിന സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലി ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

യുവതാരം ഷിംറോണ്‍ ഹെറ്റ്മയറുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച സ്‌കോറാണ് വിന്‍ഡീസ് നേടിയത്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് വിന്‍ഡീസ് അടിച്ചു കൂട്ടിയത്.

78 പന്തില്‍ നിന്നും 106 റണ്‍സെടുത്ത ഹെറ്റ്മയര്‍ ഇന്ത്യന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. ആറ് സിക്‌സും ആറ് ഫോറും ഹെറ്റ്‌മെയറുടെ ഇന്നിങ്‌സിന്റെ ഭാഗമാണ്. 13 മത്സരങ്ങള്‍ മാത്രം കളിച്ച യുവതാരത്തിന്റെ മൂന്നാമത്തെ സെഞ്ച്വറി ആണിത്.

നേരത്തെ ഓപ്പണര്‍ കീറണ്‍ പവലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 39 പന്തില്‍ നിന്നുമായിരുന്നു പവലിന്റെ സെഞ്ച്വറി. മധ്യ ഓവറുകളില്‍ ക്യാപ്റ്റന്‍ ജെയ്‌സണ്‍ ഹോള്‍ഡറാണ് ഹെറ്റ്മയറിന് പിന്തുണ നല്‍കിയത്. 42 പന്തില്‍ നിന്നും 38 റണ്‍സാണ് ഹോള്‍ഡറുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ ബിഷുവും കെമര്‍ റോച്ചും കത്തിക്കയറിയതോടെ വിന്‍ഡീസ് സ്‌കോര്‍ 322 ലെത്തുകയായിരുന്നു.

ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഏകദിനത്തില്‍ തന്നെ അനായാസം ജയം കൈവരിക്കാമെന്ന ഇന്ത്യയുടെ അമിതാത്മവിശ്വാസത്തിന് ഏറ്റ പ്രഹരമാണ് വിന്‍ഡീസിന്റെ പ്രകടനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ