ന്യൂഡൽഹി: വിന്റീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങൾക്കുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.  ഏകദിന ടീമിലേക്ക് ഋഷഭ് പന്തിന് ആദ്യമായി ക്ഷണം ലഭിച്ചു. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുളള സെലക്ടർമാരാണ് 14 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.

വിരാട് കോഹ്ലി തന്നെ ടീമിനെ നയിക്കും. അതേസമയം ദിനേശ്  കാർത്തിക്കിനെ ടീമിൽ നിന്ന് പുറത്തിരുത്തി.

ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ സംഘത്തിൽ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചപ്പോൾ തന്നെ ഋഷഭ് പന്തിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

“ധോണി അടുത്ത ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ തുടരുമെന്ന കാര്യത്തിൽ നമുക്കാർക്കും ഭിന്നാഭിപ്രായമില്ല. അതേസമയം ഋഷഭ് പന്തിനെ വളർത്തിക്കൊണ്ടുവരുന്നതിൽ തർക്കം ഉന്നയിക്കേണ്ട കാര്യമില്ല. ആറാം നമ്പറിലോ, ഏഴാം നമ്പറിലോ ഏറ്റവും ആക്രമിച്ച് ബാറ്റ് വീശാൻ സാധിക്കുന്ന താരമാണ് പന്ത്. നല്ല ഫിനിഷറുമാണ് അദ്ദേഹം,” സെലക്ഷനെ കുറിച്ച് ബിസിസിഐയിലെ സീനിയർ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന ടെസ്റ്റിൽ സെഞ്ച്വറി നേടിയതും, രാജ്കോട്ട് ടെസ്റ്റിൽ 92 റൺസ് അടിച്ചതും പന്തിന് അനുകൂലമായ തീരുമാനം എടുക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

രോഹിത് ശർമ്മ, ധവാൻ, രാഹുൽ, മനീഷ് പാണ്ഡെ എന്നിവരിലാണ് ബാറ്റിങിന്റെ ഉത്തരവാദിത്ത്വം. മുഹമ്മദ് ഷമി, ഷർദ്ദുൽ താക്കൂർ, ഖലീൽ അഹമ്മദ് എന്നിവർക്കാണ് പേസ് ബോളിങ്ങിന്റെ ചുമതല. ജഡേജ, ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ.

ടീം: കോഹ്ലി(ക്യാപ്റ്റൻ), രോഹിത്(വൈസ് ക്യാപ്റ്റൻ), ധവാൻ, രാഹുൽ, മനീഷ് പാണ്ഡെ, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്, ഷർദ്ദുൽ താക്കൂർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook