ഫ്ളോറിഡ: വിന്‍ഡീസിനെതിരായ പരമ്പരയില്‍ തപ്പിത്തടഞ്ഞ് ഇന്ത്യയ്ക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. വെറും 95 റണ്‍സിന് വിന്‍ഡീസിനെ വീഴ്ത്തിയ ഇന്ത്യക്ക് ആ ആനൂകൂല്യം ബാറ്റിങ്ങില്‍ മുതലാക്കാനായില്ല. എന്നാല്‍ ചെറിയ സ്‌കോറായതിനാല്‍ ജയം കണ്ടെത്തുകയായിരുന്നു.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ (24), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (19), മനീഷ് പാണ്ഡെ (19) എന്നിവര്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. അതേസമയം സ്വയം ഒഴിഞ്ഞുനിന്ന മഹേന്ദ്ര സിങ് ധോണിക്കു പകരം ടീമിലെത്തിയ ഋഷഭ് പന്ത് ആദ്യ പന്തില്‍ പുറത്തായി. സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടിയ സൈനിയാണ് കളിയിലെ താരം.

ഇന്ത്യയുടെ ബോളിങ് മികവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണെടുത്തത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോണ്‍ കാംപ്ബെല്ലിനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ തന്നെ എവിന്‍ ലൂയിസിനെ പുറത്താക്കി ഭുവനേശ്വറും വിന്‍ഡീസിന് പ്രഹരമേല്‍പ്പിച്ചു. രണ്ട് പേരും അക്കൗണ്ട് തുറക്കും മുമ്പാണ് മടങ്ങിയത്.

തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ നവ്ദീപ് സൈനി നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണെറിഞ്ഞിട്ടത്. നിക്കോളാസ് പൂരാന്‍, കിറോണ്‍ പൊള്ളാര്‍ഡ്, ഹെറ്റ്മെയര്‍ എന്നീ വമ്പന്മാരെയാണ് സൈനി തിരിച്ചയച്ചത്.

വിന്‍ഡീസ് ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത് പൂരാനും പൊള്ളാര്‍ഡും മാത്രമാണ്. പൊള്ളാര്‍ഡ് അര്‍ധ സെഞ്ചുറിയ്ക്ക് ഒരു റണ്‍സകലെയാണ് പുറത്താകുന്നത്. പൂരാന്‍ 20 റണ്‍സും കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസ് ബാറ്റിങ് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook