ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിച്ചതിന് പിറകെയാണ് ഇപ്പോൾ ടി 20 പരമ്പരയിലും ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയിച്ചത്.
മൂന്നാം മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മാത്രമാണ് നേടാനായത്.
വിൻഡീസിന് വേണ്ടി നിക്കോളാസ് പൂരൻ അർദ്ധ സെഞ്ചുറി നേടി. 47 പന്തിൽ 61 റൺസാണ് പൂരൻ നേടിയത്. നിക്കോളാസ് പൂരന് പുറമെ റോവ്മാൻ പവൽ 25 റൺസും റോസ്റ്റൻ ചെയ്സ് 12 റൺസും റൊമാരിയോ ഷെഫേഡ് 29 റൺസും നേടിയതൊഴിച്ചാൽ വിൻഡീസ് ബാറ്റിങ് നിരയിൽ മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാനായില്ല.
ഓപ്പണിങ്ങിനിറങ്ങിയ കൈൽ മെയേഴ്സ് ആറ് റൺസും ഷായ് ഹോപ് എട്ട് റൺസുമെടുത്ത് പുറത്തായി.
കിരോൺ പൊള്ളാഡ് അഞ്ച് റൺസും ജേസൺ ഹോൾഡർ രണ്ട് റൺസുമെടുത്തു. ഫാബിയൻ അലൻ പുറത്താകാതെ നാല് റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് അർദ്ധ സെഞ്ചുറി നേടി. വിരാട് കോഹ്ലിയും റിഷഭ് പന്തും ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.
ഓപ്പണിങ്ങിനിറങ്ങിയ ഋതുരാജ് ഗെയ്ക്ക്വാദ് എട്ട് പന്തിൽ നാല് റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ ഇഷാൻ കിഷൻ 31 പന്തിൽ 34 റൺസെടുത്തു.
മൂന്നാമനായിറങ്ങിയ ശ്രേയസ് അയ്യർ 16 പന്തിൽ 25 റൺസ് നേടി. കാപ്റ്റൻ രോഹിത് ശർമ 15 പന്തിൽ ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി.
അഞ്ചാമനായിറങ്ങിയ സൂര്യകുമാർ യാദവ് 31 പന്തിൽ ഒരു ഫോറും ഏഴ് സിക്സറുമായി തകർത്തടിച്ച് 65 റൺസ് നേടി. അവസാന ഓവറിലെ അവസാന പന്തിലാണ് യാദവ് പുറത്തായത്. ആറാമതിറങ്ങിയ വെങ്കടേശ് അയ്യർ 19 പന്തിൽ നിന്ന് 35 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം പരമ്പര വിജയം നേടി. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ മൂന്നാം മത്സരത്തിൽ ആശ്വാസ ജയത്തിനായി വിൻഡീസ് ശ്രമിക്കും.