അന്റിഗ്വാ: ഏകദിന-ടി20 പരമ്പരകളിലെ ആധികാരിക ജയത്തിന് ശേഷം റെഡ് ബോൾ ക്രിക്കറ്റിലേക്ക് ഗിയർ മാറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. അന്റിഗ്വായിലെ നോർത്ത് സൗണ്ടിലാണ് മത്സരം. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾക്കും വിൻഡീസ് പര്യടനത്തോടെയാണ് തുടക്കം കുറിക്കുന്നത്.
ടെസ്റ്റ് പരമ്പരയും തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മായങ്ക് അഗർവാളും കെ.എൽ.രാഹുലും ഇന്ത്യക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നും നാലും നമ്പരുകളിൽ ചേതേശ്വർ പൂജാരക്കും വിരാട് കോഹ്‌ലിക്കും ഇളക്കമുണ്ടാകില്ലെന്ന് ഉറപ്പാണ്. അഞ്ചാം നമ്പരിൽ ആശങ്കകൾ നിലനിൽക്കുകയാണ്. അഞ്ച് ബോളർമാരെ കളിപ്പിക്കാൻ നായകൻ വിരാട് കോഹ്‌ലി തീരുമാനിച്ചാൽ രോഹിത് ശർമ്മയോ അജിങ്ക്യ രഹാനെയോ പുറത്തിരിക്കേണ്ടി വരും. സന്നാഹ മത്സരത്തിൽ ഒരോ അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ താരങ്ങളിൽ രഹാനെയ്ക്ക് തന്നെയാണ് സാധ്യത കൽപ്പിക്കുന്നത്. ടീമിന്റെ ഉപനായകൻ കൂടിയാണ് രഹാനെ.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സീനിയർ താരം വൃദ്ധിമാൻ സാഹ ടീമിനൊപ്പമുണ്ടെങ്കിലും അവസരം യുവതാരം ഋഷഭ് പന്തിന് ലഭിക്കാൻ തന്നെയാണ് സാധ്യത. അങ്ങനെയെങ്കിൽ ആറാം നമ്പരിൽ കളിക്കും.
Also Read: പുത്തൻ പരിഷ്കാരത്തിൽ ഇന്ത്യൻ ടീം; കലക്കൻ ഫോട്ടോഷൂട്ട്
നാല് സ്‌പെഷ്യലിസ്റ്റ് ബോളർമാരെ കളിപ്പിക്കാനാണ് സാധ്യത. പേസിന് അനുകൂലമായ പിച്ചിൽ ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി ത്രയം ഇന്ത്യയുടെ കുന്തമുനയാകും. സ്‌പിന്നർമാരിൽ ഒരാൾക്ക് മാത്രമായിരിക്കും ടീമിൽ അവസരം ലഭിക്കുക. നാലാം പേസറായി ഉമേഷ് യാദവ് എത്തിയാലും സംശയിക്കേണ്ടതില്ല.
Getting Test match ready . Prep done & let the games begin #TeamIndia #WIvIND pic.twitter.com/2Pyno2f0vu
— BCCI (@BCCI) August 21, 2019
മറുവശത്ത് വെസ്റ്റ് ഇൻഡീസാകട്ടെ ഏകദിന – ടി20 പരമ്പരകളിലേറ്റ തോൽവികൾക്ക് ടെസ്റ്റ് പരമ്പര ജയത്തോടെ മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ്. ഷായ് ഹോപ്പ്, ജോൺ ക്യാമ്പ്ബെൽ, ഷിമ്രോൺ ഹെറ്റ്മയർ എന്നീ യുവതാരങ്ങളാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം നായകൻ ജേസൺ ഹാൾഡർ, സീനിയർ താരങ്ങളായ കീമോ പോൾ, കേമർ റോച്ച് എന്നിവരും ചേരുന്നതോടെ വിൻഡീസിന്റെയും ജയപ്രതീക്ഷകൾ സജീവമാകും.
Also Read: അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ സെലക്ടറാകണം, തനിക്ക് ചാനല്‍ പരിപാടിയുണ്ടെന്ന് സെവാഗ്
ഇന്ത്യ: വിരാട് കോഹ്‌ലി, മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, വൃദ്ധിമാൻ സാഹ
വെസ്റ്റ് ഇൻഡീസ്: ജേസൺ ഹോൾഡർ, ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്, ഡാരൺ ബ്രാവോ, ഷമർ ബ്രൂക്സ്, ജോൺ ക്യാമ്പ്‌ബെൽ, റോസ്റ്റൺ ചേസ്, റാഖീം കോൺവാൾ, ഷെയ്ൻ ഡൗറിച്ച്, ഷന്നോൺ ഗബ്രിയേൽ, ഷിമ്രേൻ ഹെറ്റ്മയർ, ഷായ് ഹോപ്പ്, കീമോ പോൾ, കെമർ റോച്ച്.