ആന്റിഗ്വ: ബാറ്റിങ്ങിന് പിന്നാലെ ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾ തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയം. ആന്റിഗ്വായിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 318 റൺസിനാണ് ഇന്ത്യ ആതിഥേയരെ കീഴ്പ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ വിൻഡീസ് പട അതിവേഗം കീഴടങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജസപ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Read More: ‘വീര നായകൻ’; ദാദ എഴുതിയ ചരിത്രം തിരുത്തി, ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തി വിരാട് കോഹ്‌ലി

വൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച വിൻഡീസ് 15 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ തോൽവി മുന്നിൽ കണ്ടിരുന്നു. തന്റെ ആദ്യ സ്‌പെല്ലിൽ എട്ട് ഓവറെറിഞ്ഞ ജസ്പ്രീത് ബുംറ ഏഴ് റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. മൂന്ന് മെയ്ഡിൻ ഓവറുകളാണ് ബുംറ എറിഞ്ഞത്. ഇഷാന്ത് ശർമ്മ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ നാലാം ദിനം തന്നെ മത്സരം അവസാനിച്ചു. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിൽ വിൻഡീസിന്റെ മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇതിൽ തന്നെ ഒമ്പതാമനായി ഇറങ്ങി 38 റൺസ് കണ്ടെത്തിയ കെമർ റോച്ചാണ് ആതിഥേയരുടെ ടോപ്പ് സ്കോറർ. മിഗ്വൽ കമ്മിൻസ് 19 റൺസെടുത്തപ്പോൾ റോസ്റ്റൺ ചേസ് 12 റൺസും സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 75 റൺസിന്റെ ലീഡ് കണ്ടെത്തിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 343 റൺസ് കൂടി കൂട്ടിച്ചേർത്തിരുന്നു. ഉപനായകൻ അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലിയുടെയും യുവതാരം ഹനുമാ വിഹാരിയുടെയും അർധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ രഹാനെ രണ്ടാം ഇന്നിങ്സിൽ രണ്ട് വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് സെഞ്ചുറി തികയ്ക്കുകയായിരുന്നു. 242 പന്തുകളിൽ നിന്ന് 102 റൺസ് നേടിയ രഹാനെ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളുടെ ഭാഗമാകുകയും ചെയ്തു. നാലാം വിക്കറ്റിൽ വിരാട് കോഹ്‌ലിക്കൊപ്പവും അഞ്ചാം വിക്കറ്റിൽ ഹനുമാ വിഹാരിക്കൊപ്പവുമാണ് രഹാനെ സെഞ്ചുറി സഖ്യമുണ്ടാക്കിയത്. ഹനുമാ വിഹാരി 128 പന്തിൽ 93 റൺസ് നേടി പുറത്തായപ്പോൾ 113 പന്തിൽ 51 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. ടീം സ്കോർ 347ൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.

ഓഗസ്റ്റ് 20നാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം നടക്കുന്നത്. നേരത്തെ ഏകദിന-ടി20 പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യ കരീബിയൻ മണ്ണിലെ സർവാധിപത്യമാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook